പഞ്ചായത്തിന്‍റെ അഴിമതിക്കെതിരെ യൂത്ത്​ കോണ്‍ഗ്രസ് സമരത്തിന്​

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നടപടികളിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ യൂത്ത് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നു. ഗുണ്ട നേതാവിനെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാക്കി അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെ ഗൂഢലക്ഷ്യം അന്വേഷിക്കുക, പഞ്ചായത്ത് ഭരണസമിതിയിലെ ഗുണ്ടാനേതാക്കളുടെ വിളയാട്ടം അന്വേഷിക്കുക, മാര്‍ക്കറ്റ്​ നവീകരണത്തിലെ അഴിമതിയും ഉദ്യോഗസ്ഥ തലത്തിലെ ക്രമക്കേടുകളും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം. പഞ്ചായത്ത് ഭരണത്തില്‍ സി.പി.എം ജില്ല നേതാവ് അനാവശ്യമായി ഇടപെടുന്നതായും യൂത്ത്​ കോൺഗ്രസ്​ ആരോപിച്ചു. മാര്‍ക്കറ്റ് നവീകരണത്തിനായി നിലവിലുള്ള മാര്‍ക്കറ്റ് പൊളിച്ചുനീക്കാൻ കരാറെടുത്തത്​ ജില്ല നേതാവിന്‍റെ ബിനാമിയാണെന്നാണ്​ ​ആരോപണം. മണ്ണ് നീക്കാൻ ടെന്‍ഡറില്‍ പറഞ്ഞിട്ടില്ലെങ്കിലും കരാറുകാരന്‍ ലോഡ് കണക്കിന് മണ്ണ് പുറത്ത് വിറ്റു. കരുണാപുരം പഞ്ചായത്തില്‍ പൊതുഫണ്ട് ഉപയോഗിച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് റോഡ് കോൺക്രീറ്റ്​ ചെയ്ത് വിവാദത്തിലായ ആളാണ് കരാറുകാരൻ. എന്നിട്ടും ഇദ്ദേഹത്തിന്​ ടെൻഡർ നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഈ അഴിമതി തുടരാനാണ് ക്രിമിനല്‍ കേസ് പ്രതിയും ഗുണ്ട നേതാവുമായ ആളെ വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയിലെ രണ്ട് അംഗങ്ങള്‍ക്ക് ലഹരിക്കടത്തിലടക്കം ബന്ധമുണ്ടെന്നും ഇതേക്കുറിച്ച്​ അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ മെല്‍ബിന്‍ ജോയി, സെക്രട്ടറി ടിജിന്‍ തോമസ്, കോൺഗ്രസ് നേതാക്കളായ ജിറ്റോ ഇലിപ്പുലിക്കാട്ട്, റജി ആശാരിക്കണ്ടം എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.