അഞ്ച്​ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ അഞ്ചുരുളി കേന്ദ്രീകരിച്ച് ജലജീവൻ മിഷന്‍റെ പദ്ധതി

317 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത് കട്ടപ്പന: ഉപ്പുതറ, ഏലപ്പാറ, നെടുങ്കണ്ടം, പാമ്പാടുംപാറ, അറക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ അഞ്ചുരുളി കേന്ദ്രീകരിച്ച് ജലജീവൻ മിഷന്‍റെ പദ്ധതി. പ്രാരംഭ പ്രവർത്തനം ഉപ്പുതറയിൽ ആരംഭിച്ചു. 2024 മാർച്ച്​ അവസാനത്തോടെ പൂർത്തീകരണം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 317 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അറക്കുളം, ഏലപ്പാറ പഞ്ചായത്തുകളിൽ ഭാഗികമായും ഉപ്പുതറ, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിൽ പൂർണമായും പ്രയോജനം ലഭിക്കും. പദ്ധതിക്കായി അഞ്ചുരുളിയിൽ അത്യാധുനിക കുടിവെള്ള പ്ലാന്‍റ്​ നിർമിക്കും. കല്യാണത്തണ്ടിലും ഉപ്പുതറ ഒമ്പതേക്കർ ഉമാമഹേശ്വരി ക്ഷേത്രപരിസരത്തും പുതിയ ടാങ്ക് നിർമിക്കും. ഒപ്പം ഒമ്പതേക്കറിലെ പഴയ കുടിവെള്ള ടാങ്ക് പുനരുദ്ധരിച്ചും പദ്ധതിയുടെ ഭാഗമാക്കും. 114 കോടിയാണ് ഉപ്പുതറ പഞ്ചായത്തിൽ മാത്രം കുടിവെള്ളം വിതരണം ചെയ്യാൻ വേണ്ടിവരിക. പദ്ധതിക്ക് വേണ്ട സർവേ നടപടി എല്ലാം പൂർത്തിയായി. ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും ജലജീവൻ മിഷൻ സപ്പോർട്ടിങ് ഏജൻസി ചെയർമാൻ അഡ്വ. ടി.കെ. തുളസീധരൻ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രവർത്തനരഹിതമായി കിടക്കുന്ന പദ്ധതികൾ പുനരുദ്ധരിച്ച് ഈ പദ്ധതിയുടെ ഭാഗമാക്കും. ജല അതോറിറ്റിയുടെ പദ്ധതികളും ഇതിൽ ഉൾക്കൊള്ളും. ജനകീയ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്ത്​ അടിസ്ഥാനത്തിലും വാർഡ്​ അടിസ്ഥാനത്തിലും ജനകീയ സമിതികൾ നിലവിൽവരും. ഈ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.