താലൂക്ക്​ ഓഫിസിന്​ മുന്നിൽ കൂട്ടധർണ

നെടുങ്കണ്ടം: വീട്​ നിർമിക്കാൻ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ച്​ ഉടുമ്പൻചോല താലൂക്ക് ഓഫിസിന്​ മുന്നിൽ ചിന്നക്കാനാൽ പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൂട്ടധർണ നടത്തി. ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിക്കാൻപോലും ഭൂമിക്ക് കൈവശാവകാശ രേഖ നൽകാത്ത റവന്യൂ വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ്​ സമരം. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ 490 പേർക്ക് ചിന്നക്കനാൽ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു. എന്നാൽ, 91 എണ്ണം മാത്രമാണ്​ പൂർത്തിയാക്കാനായത്. 280 എണ്ണത്തിന്‍റെ ഫണ്ട് ലാപ്സായി. വീടുവെക്കാൻ ആവശ്യമായ മൂന്നു സെന്‍റ്​ ഭൂമിക്കു പോലും റവന്യൂ വകുപ്പ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം. മന്ത്രിമാർക്കുൾപ്പെടെ പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പഞ്ചായത്തംഗങ്ങൾ സമരം രംഗത്തിറങ്ങിയത്. ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സിനി ബേബി, പ്രതിപക്ഷ പഞ്ചായത്തംഗം എ.പി. അശോകൻ എന്നിവരുൾപ്പെടെ 13 അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ധർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.