'വില കുറഞ്ഞ' തട്ടിപ്പ്​ വേണ്ട

തൊടുപുഴ: വിലക്കുറവി‍ൻെറ പേരിൽ ഉപഭോക്താക്കളെ ചൂഷണംചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ വിജിലൻസ്​ കമ്മിറ്റി. ജില്ലയിലെ ചില വ്യാപാരസ്ഥാപങ്ങൾ വിലക്കുറവി‍ൻെറ പേരിൽ ഒരുവിധ ഗുണനിലവാരവുമില്ലാത്ത ഭക്ഷ്യോൽപന്നങ്ങൾ വ്യാപക പരസ്യ പ്രചാരണത്തിലൂടെ വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്​ ഈ നീക്കം. ഇത്തരം കച്ചവട സ്ഥാപനങ്ങൾ​ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബുധനാഴ്ച ചേർന്ന താലൂക്ക് ഭക്ഷ്യസുരക്ഷ വിജിലൻസ് യോഗം തീരുമാനിച്ചു. വളരെ വിലകുറച്ചും മറ്റ്​ ഉൽപന്നങ്ങൾക്കൊപ്പം സൗജന്യമായും പലതരം ഭക്ഷ്യോൽപന്നങ്ങൾ ചില വ്യാപാരസ്ഥാപനങ്ങൾ വിറ്റഴിക്കുന്നുണ്ട്​. തേയില, പഞ്ചസാര, മാംസം, പച്ചമീൻ തുടങ്ങിയവയാണ് ഇങ്ങനെ വിൽക്കുന്നവയിൽ കൂടുതലും. വിലക്കുറവി‍ൻെറ പേരിൽ മാളുകൾപോലുള്ള ചില സ്ഥാപനങ്ങളും ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിറ്റഴിച്ച് വഞ്ചിക്കുന്നതായി യോഗം വിലയിരുത്തി. വരുംദിവസങ്ങളിൽ ഇത്തരം കടകളിൽ കർശന പരിശോധന നടത്തും. ഒരുവിധ ലൈസൻസും ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന വഴിയോര കച്ചവടങ്ങളെ നിയന്ത്രിക്കാനും തീരുമാനമായി. വിലക്കുറവി‍ൻെറ പേരിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വാങ്ങി ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന്​ താലൂക്ക് വിജിലൻസ് കമ്മിറ്റി അഭ്യർഥിച്ചു. ഇടുക്കി ആർ.ഡി.ഒ ഉൾപ്പെടുന്ന വിവിധ വകുപ്പുകളിലെ ആറംഗ സംയുക്ത സ്ക്വാഡ് സൂപ്പർമാർക്കറ്റുകളിലെ സാമ്പിളുകൾ കൃത്യമായ ഇടവേളകളിൽ ശേഖരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ആർ.ഡി.ഒ എം.കെ. ഷാജി, താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ്​ ഇൻസ്​പെക്ടർ, നഗരസഭ ചെയർമാൻ സനീഷ് ജോർജ്​, പഞ്ചായത്ത്‌ പ്രസിഡന്‍റുമാർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ആർ. പ്രമോദ്, ഷാഹുൽ പള്ളത്തുപറമ്പിൽ, അനിൽ രാഘവൻ, കെ.എം. ജബ്ബാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.