ചെറുതോണി: 'എന്‍റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ ആരോ അപായപ്പെടുത്തിയതാണ്' ഇത് പറയുമ്പോൾ മുരിക്കാശ്ശേരി പാറത്താഴത്ത് ബാബുവിന്‍റെ ഭാര്യ മിനിയുടെ കണ്ണീർ തോരുന്നില്ല. ഏക മകന്‍റെ മരണവാർത്ത മിനിയെ മാത്രമല്ല ബാബുവിവെയും വല്ലാതെ തളർത്തിയിരിക്കുന്നു. സ്വന്തമായി വീട് പണിയുന്നതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ തങ്ങളുമായി പങ്കുവെച്ചിട്ടാണ് രാവിലെ മകൻ വിനീത് വീട്ടിൽനിന്ന് പോയത്. പിറ്റേ ദിവസം രാവിലെ മരണവാർത്തയാണ് ഇവരെ തേടിയെത്തിയത്. ഇതിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് വിനീതിനെ ശാന്തമ്പാറക്ക് സമീപം ജോലിസ്ഥലമായ പുത്തടിയിൽ സുഹൃത്തിനോടൊപ്പം താമസിക്കുന്ന ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെ സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായിരുന്നു 29കാരനായ വിനീത്. മരിക്കുന്നതിന്‍റെ തലേ ദിവസം വീട്ടിലെത്തിയ വിനീത് ഏറെ സന്തോഷവാനായിരുന്നെന്ന് മാതാവ് മിനി പറഞ്ഞു. പടമുഖം കള്ളിപ്പാറയിലെ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന മാതാപിതാക്കളെ സ്വന്തമായി വീടുപണിത് താമസിപ്പിക്കണമെന്നത് വിനീതിന്‍റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി ചെയ്തുകിട്ടുന്ന പണമെല്ലാം ചെലവാക്കാതെ സൂക്ഷിക്കുകയായിരുന്നു. ഈ പണത്തെക്കുറിച്ചുപോലും യാതൊരറിവുമില്ല. പുലർച്ച എഴുന്നേറ്റപ്പോൾ വിനീത് തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. വീട്ടുകാരോ ബന്ധുക്കളോ എത്തുംമുമ്പ് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതായും പറയുന്നു. ഡോക്ടർ സംശയം പറഞ്ഞതിനാൽ ജില്ല ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അന്നുതന്നെ ശാന്തമ്പാറ പൊലീസ് കേസെടുത്തെങ്കിലും ആറുമാസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുകയാണ്. വിനീതിന്‍റെ മരണം ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് ബോധപൂർവം ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കിൽ നീതി കിട്ടുംവരെ കലക്ടറേറ്റിന് മുന്നിൽ നിരാഹാരം കിടക്കുമെന്നും അവർ പറഞ്ഞു. ചിത്രം: TDL Vineeth
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.