മൂന്നാറിൽ തിരക്കേറുന്നു; സർക്കാറിന്​ വരുമാനവും

മൂന്നാർ: അവധിക്കാലമെത്തിയതോടെ മൂന്നുദിവസം കൊണ്ട് മൂന്നാറിൽനിന്ന്​ മുക്കാൽ കോടിയുടെ വരുമാനവുമായി വിവിധ വകുപ്പുകൾ. വനംവന്യജീവി, ഹൈഡൽ ടൂറിസം, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ ആകർഷിച്ച് റെക്കോഡ് വരുമാനം കൊയ്യുന്നത്. മേയ് ഒന്നുമുതൽ നാല് വരെ 35 ലക്ഷം രൂപയുടെ വരുമാനം വീതമാണ് വനംവകുപ്പും ഹൈഡൽ ടൂറിസവും നേടിയത്. ദിനേന ശരാശരി ഒമ്പത്​ ലക്ഷത്തിനടുത്ത് തുടർച്ചയായി വരുമാനം വരുന്നത് മേഖലയുടെ ഉണർവിനെയാണ് സൂചിപ്പിക്കുന്നത്. പുഷ്പമേളയുമായി സഞ്ചാരികളെ സ്വീകരിക്കുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇതിനകം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓരോദിവസവും 6000 പേർ വീതമാണ് ബോട്ടാണിക്കൽ ഗാർഡനിലെ പുഷ്പമേള സന്ദർശിക്കുന്നത്. കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തോളം രൂപ വരുമാനം നേടാനും ഇതുവഴി കഴിഞ്ഞു. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ പരമാവധി സന്ദർശകരുടെ എണ്ണം മൂവായിരത്തിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഇത്രയും തന്നെ സഞ്ചാരികൾ എത്തുന്നുണ്ട്. പ്രവേശന നിരക്ക്, ബഗ്ഗി കാർ, മറ്റ് ഉൽപന്നങ്ങളുടെ വിൽപന എന്നിവയിലൂടെ ദിവസവും ഒമ്പതുലക്ഷം രൂപ വരുമാനം ഇവിടെനിന്ന്​ ലഭിക്കുന്നു. ഹൈഡൽ ടൂറിസം മാട്ടുപ്പെട്ടി, ആനയിറങ്കൽ, ജലാശയങ്ങളിലെ ബോട്ടിങ്​, ഹൈഡൽ പാർക്കിലെ സന്ദർശനം എന്നീ ഇനങ്ങളിലാണ് വരുമാനം നേടുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽനിന്ന്​ വിദേശത്തുനിന്നുള്ളവരും മൂന്നാറിൽ എത്തുന്നുണ്ട്. സർക്കാർ വകുപ്പുകളുടെ കീഴിലുള്ള വിവിധ വരുമാനം കൂടാതെ സ്വകാര്യമേഖലയിലും കോടികളുടെ കച്ചവടം നടക്കുന്നുണ്ട്. ഹോട്ടൽ, റിസോർട്ട്, വാഹന മേഖലകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടുവർഷത്തെ മാന്ദ്യത്തിനുശേഷം വിനോദസഞ്ചാര മേഖല ഉണരുന്നത് ശുഭസൂചനയായാണ് കണക്കാക്കപ്പെടുന്നത്. ചിത്രം 1 മൂന്നാർ പുഷ്പമേള കാണാനെത്തിയ സന്ദർശകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.