കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിലും തുടർച്ചയായ വാഗ്ദാനലംഘനങ്ങളിലും പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി വിളിച്ച വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. ജൂൺ 30ന് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കട്ടപ്പനയിൽനിന്ന് ജില്ല ആസ്ഥാനത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി, അതിജീവന പോരാട്ടവേദി, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.സി.ബി.സി, ജമാഅത്ത് കമ്മിറ്റി, വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, നീതിസേന, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, ന്യൂനപക്ഷ മോർച്ച എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കെ.എൻ. ദിവാകരൻ, കെ.പി. ഹസൻ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, ആർ. മണിക്കുട്ടൻ, പി. രാജൻ, സി.എസ്. റസാഖ് ചൂരവേലിൽ, സണ്ണി പൈമ്പിള്ളിൽ, കെ.ആർ. വിനോദ്, കെ.എസ്. ശശി, റോയി തുണ്ടിയിൽ, ബിജീഷ് തോമസ്, ബബിൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ചെറുകിട കർഷകരെ തേയില ഫാക്ടറികൾ അവഗണിക്കുന്നു -ഫെഡറേഷൻ കട്ടപ്പന: ജില്ലയിലെ ചെറുകിട തേയില കർഷകരുടെ കൊളുന്ത് വിലയ്ക്കെടുക്കാൻ പല ഫാക്ടറികളും വിസ്സമ്മതിക്കുകയാണെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. ഇതര സംസ്ഥാനങ്ങളിൽനിന്ന് ലോറികളിലെത്തുന്ന നിലവാരം കുറഞ്ഞതും വിലക്കുറവുള്ളതുമായ കൊളുന്ത് ഇടുക്കിയിലെ തേയിലയുമായി കലർത്തി സംസ്കരിച്ച് വിൽക്കുന്ന വൻ റാക്കറ്റുകളുടെ പിടിയിലാണ് മിക്ക തേയില ഫാക്ടറികളും. കൂടല്ലൂർ, കൂനൂർ, ഊട്ടി, കോത്തഗിരി, വാൾപ്പാറ, വയനാട് എന്നിവിടങ്ങളിൽനിന്നാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊളുന്ത് എത്തിക്കുന്നത്. നടപടി ആവശ്യപ്പെട്ട് ടീ ബോർഡ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സ്ഥിതി തുടർന്നാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് വൈ.സി. സ്റ്റീഫൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.