അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി നെടുങ്കണ്ടം പഞ്ചായത്ത്​ കമ്യൂണിറ്റി ഹാള്‍

-ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ ഹാള്‍ നിർമിക്കണമെന്ന്​ ആവശ്യം നെടുങ്കണ്ടം: നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടുന്നു. ഹാള്‍ വൃത്തിയും വെടിപ്പും ഇല്ലാത്ത അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്​. ഇത്​ പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന്​ വർഷങ്ങളുടെ പഴക്കമുണ്ട്​. എന്നാല്‍, മാറിവന്ന ഭരണസമിതി തിരിഞ്ഞുനോക്കാറില്ല. ഹാളിനുള്ളിലും സമീപ പ്രദേശങ്ങളിലും ദുര്‍ഗന്ധം വമിക്കുകയാണ്. സര്‍ക്കാറിന്‍റെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും പരിപാടികള്‍ ദിവസവും നടക്കുന്നുണ്ടെങ്കിലും സ്ഥലസൗകര്യത്തിന്‍റെ അപര്യാപ്തതമൂലം പങ്കെടുക്കാനെത്തുന്നവരില്‍ പകുതിയിലധികവും വെളിയില്‍ നില്‍ക്കുകയാണ്​. ഹാളിനുള്ളില്‍ 250 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ജനറേറ്റര്‍ സംവിധാനവുമില്ല. വിവാഹാവശ്യത്തിന് ഹാള്‍ വാടകക്കെടുക്കുന്നവര്‍ക്ക് വെള്ളം സുലഭമായി ലഭിക്കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്കും സാംസ്‌കാരിക സമിതികളുടെ നാടകം, ഗാനമേള തുടങ്ങിയവക്കും അധികംപേര്‍ പങ്കെടുക്കുന്ന കല്യാണ ആവശ്യങ്ങള്‍ക്കും നെടുങ്കണ്ടത്ത്​ സൗകര്യമില്ലാത്ത അവസ്ഥയാണ്​. ഒരേസമയം, മൂവായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടൗണ്‍ ഹാള്‍ നെടുങ്കണ്ടത്ത് അനിവാര്യമാണ്. നിലവിലുള്ള ഹാളിന്‍റെ ഇരു വശങ്ങളിലുമായി രണ്ടു മിനി ഹാളുകള്‍കൂടി ഉണ്ടെങ്കിലും ഇവയിലൊന്ന് ഫയർ സ്റ്റേഷനുവേണ്ടി വിട്ടുനല്‍കിയിരിക്കുകയാണ്. മറ്റൊന്നിൽ പഞ്ചായത്ത് ഉപേക്ഷിച്ച സാധനസാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നു. രണ്ട് മിനി ഹാളുകളും നിലവില്‍ ഉപയോഗശൂന്യമാണ്. വലിയ ഹാളില്‍ രാവിലെയും വൈകീട്ടും ചില കായികവിനോദങ്ങള്‍ സ്വകാര്യ വ്യക്തി നടത്തുന്നത്​ മറ്റ് പരിപാടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. ഹാളിലെ കസേര അടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്. നിലവിലെ മൂന്നു കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഇവിടെത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹാള്‍ നിര്‍മിക്കണമെന്ന ആവശ്യമാണ്​ ഉയരുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാല്‍ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. ഉദ്ഘാടനത്തിനുശേഷം ഈ കെട്ടിടം പെയിന്‍റ്​ ചെയ്തിട്ടില്ല. idl ndkm കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.