കുട്ടികൾ അധ്യാപകരായി; അമ്മമാർ വിദ്യാർഥികളും

കലയന്താനി: കുട്ടികൾ അധ്യാപകരായി മുന്നിലെത്തിയപ്പോൾ അമ്മമാർ അവർക്ക്​ മുന്നിൽ അനുസരണയുള്ള വിദ്യാർഥികളായി. പറയുന്നതെല്ലാം സശ്രദ്ധം കേട്ടിരുന്നു. കലയന്താനി സെന്‍റ്​ ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് അംഗങ്ങളാണ് അമ്മമാർക്കായി ബോധവത്​കരണ ക്ലാസ്​ എടുത്തത്​. സൈബർ സുരക്ഷയെക്കുറിച്ചായിരുന്നു ക്ലാസ്​. മൊബൈൽ ഫോൺ ദുരുപയോഗ സാധ്യതകൾ, ഇന്‍റർനെറ്റിലെ ചതിക്കുഴികൾ തുടങ്ങിയ വിവിധ വിഷയങ്ങളാണ് കുട്ടികൾ കൈകാര്യം ചെയ്തത്. കൗതുകത്തോടെയും ഭയാശങ്കകളോടെയുമാണ് അമ്മമാർ ക്ലാസുകൾ ശ്രവിച്ചത്. ഉദാഹരണങ്ങളും ദൃശ്യങ്ങളും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കി. സർക്കാറിന്‍റെ നൂറു​ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ പരിശീലനമാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്. വിവിധ ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്‍റെ ഉദ്ഘാടനം പ്രിൻസിപ്പൽ മോൻസ് മാത്യു നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിഷ്ണു ചന്ദ്രബോസ്, ദേവാനന്ദ് പി.എസ്, അസ്ന നാസർ, നഹല മുജീബ് എന്നിവരും കൈറ്റ് മിസ്ട്രസുമാരായ സലോമി ടി.ജെ, ബെർളി ജോസ് എന്നിവരും നേതൃത്വം നൽകി. ചിത്രം: TDL School കലയന്താനി സെന്‍റ്​ ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ സുരക്ഷയെക്കുറിച്ച്​ വിദ്യാർഥികൾ അമ്മമാർക്ക്​ ക്ലാസെടുക്കുന്നു സർക്കാർ വാർഷികം ധൂർത്തിന്‍റെ ആഘോഷം -യു.ഡി.എഫ് തൊടുപുഴ: സംസ്​ഥാന സർക്കാറിന്‍റെ ഒന്നാംവാർഷികാഘോഷങ്ങളുടെ വിളംബരമായി ചെറുതോണിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ധൂർത്തിന്‍റെയും ആർഭാടത്തിന്‍റെയും പ്രത്യക്ഷ ഉദാഹരണമാണെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും ആരോപിച്ചു. ജനോപകാരപ്രദമായ ഒരു പദ്ധതി പോലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനോ നടപ്പാക്കാനോ സർക്കാറിന്​ കഴിഞ്ഞിട്ടില്ല. ആകെ നടന്നത് കേരളത്തെ സർവ നാശത്തിലേക്ക് നയിക്കുന്ന കെ-റെയിലിന്‍റെ കല്ലിടീൽ മാത്രമാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം കർഷകരും സാധാരണക്കാരും ആത്മഹത്യയുടെവക്കിലാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും പോലും നൽകാൻ ഖജനാവിൽ പണമില്ലാത്തപ്പോഴാണ്​ സർക്കാർ ധൂർത്ത്​. ഖജനാവ്​ കൂടുതൽ കാലിയാക്കുന്ന സർക്കാറിന്‍റെ അനാവശ്യ ധൂർത്ത് അവസാനിപ്പിക്കണമെന്ന്​ യു.ഡി.എഫ്​ നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.