ഗാട്ട് റോഡിന്റെ മറവില്‍ ബസ്​ യാത്രക്കാരെ കൊള്ളയടിക്കുന്നു

അടിമാലി: ഗാട്ട് റോഡിന്റെയും കാലഹരണപ്പെട്ട ഫെയര്‍‌സ്റ്റേജിന്റെയും മറവില്‍ അമിതമായ യാത്ര നിരക്ക് ഈടാക്കുന്നതായി പരാതി. മറ്റ് ജില്ലകളില്‍ നിലവിലുള്ളതിനേക്കള്‍ ഇരട്ടിയും മൂന്നിരട്ടിയും വരെ നിരക്ക് നല്‍കി ബസുകളില്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ്​. 1985 ലാണ് ഇടുക്കിയില്‍ ഫെയര്‍ സ്റ്റേജ് നിലവില്‍ വന്നത്. കിലോമീറ്റര്‍ മാനദണ്ഡമാക്കാതെ ഫെയര്‍‌സ്റ്റേജ് നിശ്ചയിക്കുകയും ഗാട്ട് റോഡിന്റെ ആനുകൂല്യം നല്‍കുകയും ചെയ്തതോടെ ഉയര്‍ന്ന യാത്രാനിരക്കാണ് ജില്ലയില്‍ നല്‍കേണ്ടി വരുന്നത്. മറ്റ് ജില്ലകളില്‍ 7.5 കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ 15 രൂപ നല്‍കുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ 28 രൂപവരെയാണ് നല്‍കുന്നത്. അടിമാലിയില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരമുള്ള പത്താംമൈലില്‍ പുതിയ നിരക്ക് പ്രകാരം 23 രൂപയാണ്. കെ.എസ്.ആര്‍.ടി ഫെയര്‍‌സ്റ്റേജ് മറയാക്കി 35 രൂപ ഈടാക്കുന്നു. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് , എക്‌സ്​പ്രസ് ബസുകളില്‍ ഇതേ ദൂരത്തിന് 50 മുതല്‍ 70 രൂപവരെ ഈടാക്കുന്നു. അടിമാലിയില്‍നിന്ന് ഇരുട്ടുകാനം, രണ്ടാംമൈല്‍, ചിത്തിരപുരം, കല്ലാര്‍ മേഖലകളിലേക്കും ഇത്തരത്തില്‍ ഉയര്‍ന്ന യാത്രാനിരക്കാണ് സര്‍വിസ് ബസുകളില്‍ ഈടാക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം റോഡുകളും ദേശീയപാതയും സംസ്ഥാന പാതയുമാണ്. ബി.എം.ബി.സി നിലവാരത്തില്‍ മറ്റ് ജില്ലകളെപ്പോലെ മെച്ചപ്പെട്ട റോഡുകളാണെങ്കിലും ഗാട്ട് റോഡുകള്‍ എന്ന ഗണത്തില്‍നിന്ന്​ റോഡുകളെ മാറ്റാത്തതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമായി മാറിയത്. ജില്ല ഭരണകൂടം മുന്‍കൈ എടുത്ത് ജില്ലയിലെ പ്രധാന പാതകളെക്കുറിച്ച് പഠനം നടത്തി കാലഹരണപ്പെട്ട ഫെയര്‍‌സ്റ്റേജ് പ്രശ്‌നം പരിഹരിക്കുകയും ഗാട്ട് റോഡിന്റെ ആനുകൂല്യം എടുത്ത് കളയുകയും ചെയ്യണമെന്നാണ് ആവശ്യം. ജില്ലയില്‍ പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്‌കൂള്‍-കോളജ് വിദ്യാർഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്​. കൊച്ചി-ധനുഷ്‌കോടി, അടിമാലി-കുമളി, കോട്ടയം-കുമളി ദേശീയപാതകളാണ് ജില്ലയിലൂടെ കടന്ന് പോകുന്നത്. മറ്റ് റോഡുകളില്‍ കൂടുതലും സംസ്ഥാന പാതകളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.