നെടുങ്കണ്ടം: കേരള -തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തേവാരംമെട്ട് ചാക്കുളത്തിമേട് (തേവാരം) റോഡ് യാഥാർഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ 25 ഗ്രാമങ്ങള്‍ തേവാരം മോത്തിലാല്‍ മൈതാനിയില്‍ ഒത്തുചേര്‍ന്നു. പദ്ധതി തയാറാക്കി ആറ് പതിറ്റാണ്ടായിട്ടും റോഡ് യാഥാർഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് 300ഓളം പേർ സംഘടിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതും ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതുമായ പാതയാണിത്. ഇടുക്കിയില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തമിഴ്നാട്ടിലേക്ക് എത്താനാവുന്ന പാതയുമാണിത്. മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള പാത യാഥാർഥ്യമായാല്‍ തമിഴ്നാട്ടില്‍ നിന്നും ഇടുക്കിയില്‍ ജോലിക്ക് എത്തുന്ന നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ക്കും, അന്തര്‍ സംസ്ഥാന വാണിജ്യത്തിനും ഏറെ ഗുണകരമാവും. തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം.
1964ല്‍ എം.ജി.ആര്. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഈ റോഡ് നിർമാണത്തിന് പദ്ധതി തയാറാക്കിയത്. തമിഴ്നാട് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം പദ്ധതി നടപ്പാക്കാനായില്ല. അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനും ഏറെ മുറവിളിക്കും ശേഷം റോഡ് ഗതാഗത യോഗ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയും നാല് വര്‍ഷം മുമ്പ് ഫണ്ട് അനുവദിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട് വനം വകുപ്പ് വീണ്ടും അനുമതി നിഷേധിച്ചു. കുടിയേറ്റ കാലഘട്ടത്തില്‍ സജീവമായിരുന്ന വഴി പിന്നീട് തമിഴ്നാട് വനം വകുപ്പ് അടച്ചു. ശബരിമല തീർഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018 ല്‍ പാതയുടെ നിർമാണത്തിന് ആലോചനകള്‍ നടന്നിരുന്നു. പ്രാഥമിക പഠനത്തിന് 25 കോടി രൂപ അനുവദിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് തമിഴ്നാട് സര്‍ക്കാര്‍ തേവാരംമെട്ടില്‍ കുഴല്‍ കിണര്‍ നിർമിച്ചെങ്കിലും റോഡ് നിര്‍മാണം ആരംഭിച്ചിട്ടില്ല.
പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലും നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൂടാതെ റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കള്‍ തമിഴ്നാട് മന്ത്രിമാരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പാത നിർമിക്കുന്നതിനായി 2019ല്‍ ആറര കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് അനുവദിച്ചിരുന്നു. 15 ലക്ഷം രൂപ മുടക്കി പാതക്കായി പഠനം നടത്തുകയും ദേശീയ പാത വിഭാഗം 25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷം റോഡ് നിര്‍മാണത്തിന് അനുമതി നല്‍കാനാവില്ലെന്ന് തേനി ഡി.എഫ്.ഒ.തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മറുപടി നല്‍കുകയായിരുന്നു. നിര്‍ദിഷ്ട പാത കടന്നു പോകുന്ന 5 കിലോമീറ്ററോളം വരുന്ന വന പ്രദേശം പരിസ്ഥിതിലോല മേഖലയാണെന്നും വന്യജീവികളുടെ സ്ഥൈര്യ വിഹാരത്തിന് പാത തടസമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.എഫ്.ഒ അനുമതി നിഷേധിച്ചത്. കമ്പംമെട്ടിലൂടെയും ബോഡിമെട്ടിലൂടെയും തമിഴ്നാട്ടിലേക്കെത്താന്‍ കഴിയുമെന്നിരിക്കെ പാത നിർമിക്കുന്നത് അനാവശ്യമാണെന്നായിരുന്നു തേനി ഡി.എഫ്.ഒ യുടെ നിലപാട്.
തേവാരംമെട്ട് ചാക്കുളത്തിമേട് പാത തുറക്കാനായാല്‍ ജില്ലയില്‍ നിന്നും കുറഞ്ഞ സമയത്തില്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്താനുമാവും. റോഡ് പൂര്‍ത്തിയായാല്‍ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 50 കിലോമീറ്ററോളം കുറയും. ഇടുക്കിയിലെ ഏലതോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഏറിയപങ്കും തേവാരത്തും സമീപ ഗ്രാമങ്ങളിലും ഉള്ളവരാണ്. ഈ പാത പൂർത്തിയാകുന്നതോടെ മറ്റ് അന്തർ സംസ്ഥാന പാതകളിലൂടെ പായുന്ന തൊഴിലാളി ജീപ്പുകളെ ഇതുവഴി കടത്തിവിടാനാവും. തമിഴ്നാട്ടിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുതിനാല് വ്യാപാരികള്‍ക്കും ഏറെ ഗുണകരമാണ്. ചികിത്സക്കും വിദ്യാഭ്യാസത്തിനുമായി ആയിരക്കണക്കിനു ജനങ്ങളാണ് ദിനേന തമിഴ്നാടിനെ ആശ്രയിക്കുന്നത്.
പ്രദേശവാസികള്‍ കമ്പംമെട്ടിലും കുമളിയിലുമെത്തി 30 കിലോമീറ്റര്‍ അധികമായി സഞ്ചരിച്ചാണ് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ പച്ചക്കറി ഗ്രാമങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാല്‍ വളരെ വിലക്കുറവില്‍ പച്ചക്കറി കേരളത്തിലെത്തിക്കാനാവും. അതിര്‍ത്തി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, ചതുരംഗപ്പാറ, മാന്‍കുത്തിമേട് തുടങ്ങിയ പ്രദേശങ്ങളിലെ വിനോദ സഞ്ചാര സാധ്യതകളും വർധിക്കും. നെടുങ്കണ്ടത്തു നിന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തേനിയിലെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.