തൊടുപുഴ: സന്ധ്യകഴിഞ്ഞ് തൊടുപുഴ നഗരത്തിലെത്തിയാൽ ഇരുട്ടിൽ തപ്പിത്തടയേണ്ടി വരും. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിന്റെ പല ഭാഗവും ഇരുട്ടിലായി. നിലവിൽ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ ലൈറ്റും മാത്രമാണ് കാൽനടക്കാർക്ക് ആശ്രയം.
കടകൾ അടക്കുന്നതോടെ അതും ഇല്ലാതാകും. പിന്നെ രാത്രി അപൂർവമായി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. നഗരത്തിലെ പ്രധാന റോഡായ ഇടുക്കി റോഡ് പൂർണമായും ഇരുട്ടിലാണ്. ഗാന്ധി സ്ക്വയറിലും കെ.എസ്.ആർ.ടി.സി ജങ്ഷനിലും ഓരോ ഹൈമാസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പലയിടത്തും ഒരു വഴിവിളക്കുപോലും തെളിയുന്നില്ല.
നഗരത്തിലെ 50 ശതമാനത്തോളം വഴി വിളക്കുകളും തെളിയുന്നില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നത്. ഇടുക്കി ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ടൗൺ ഹാൾ സ്റ്റോപ്പിലും സന്ധ്യകഴിഞ്ഞാൽ ഇരുട്ടാണ്. മത്സ്യ മാർക്കറ്റിന്റെ ഹൃദയഭാഗത്തും വെളിച്ചമില്ല.
കടകളടച്ചാൽ ഇവിടം ഇരുട്ടിൽ മുങ്ങും. ഗാന്ധി സ്ക്വയറിൽനിന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കുള്ള എളുപ്പമാർഗം എന്ന നിലയിൽ ഒട്ടേറെ പേർ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇരുട്ടിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളും ഇവർക്ക് ഭീഷണിയാണ്.
കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് പാലാ റോഡ് വരെയെത്തുന്ന കോതായിക്കുന്ന് ബൈപാസിൽ ലൈറ്റുകൾ തകരാറിലാണ്. കോതായിക്കുന്ന് സർക്കിളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഹൈമാസ്റ്റ് മാത്രമാണ് തെളിയുന്നത്. പല സമയങ്ങളിലായി ഒട്ടേറെ ദീർഘദൂര ബസുകളാണ് തൊടുപുഴ വഴി കടന്നുപോകുന്നത്.
രാത്രി ബസിൽ വന്ന് ഇറങ്ങുന്നവരും പോകനുള്ളവർക്കും വാഹനം ഇല്ലാതെ നഗരത്തിലെ റോഡിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധരുടെയും മോഷ്ടക്കളുടെയും ഉപദ്രവം ഉണ്ടാകുമോ എന്ന ഭീതിയുണ്ട്. രാത്രി എട്ട് കഴിഞ്ഞാൽ നഗരത്തിലെ പല റോഡുകളിലൂടെയും ഒറ്റക്ക് നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആളുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൗൺസിലിൽ പല തവണ ചർച്ചകൾ വന്നെങ്കിലും നടപടികളിലേക്കെത്തിയിട്ടില്ല.
നിലവിൽ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നഗരസഭ റീ ടെൻഡർ വിളിച്ചിരിക്കുകയാണ്. നഗരസഭ നേരത്തേ ക്ഷണിച്ച ക്വട്ടേഷനില്‍ ഇലക്ട്രിക്കല്‍ എ ക്ലാസ് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ലഭ്യമായ ക്വട്ടേഷനില്‍ കുറഞ്ഞ നിരക്ക് നല്കിയ ആള്‍ക്ക് മതിയായ ലൈസന്‍സ് ഇല്ലായിരുന്നു. ബാക്കി മൂന്നുപേര്‍ക്കും ബി ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെയാള്‍ നിലവില്‍ നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ എടുത്തിരുന്നു.
എങ്കിലും കൃത്യസമയത്തു ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും ഇയാള്‍ക്ക് വീണ്ടും ടെന്‍ഡര്‍ നല്‍കുന്നതിനെ എതിർക്കുന്നുവെന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ റീ ടെൻഡർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടികൾ വേഗത്തിലാക്കി പൊതുഇടങ്ങളിലെ ഇരുട്ട് ഇല്ലാതാക്കണമെന്ന് യാത്രക്കാരും നഗരവാസികളുമടക്കമുള്ളവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.