തൊടുപുഴ: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ 33 പ്രദേശങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്നവയെന്ന് ജലബജറ്റ് റിപ്പോർട്ട്. ഹരിതകേരളത്തിന്റെ ജലബജറ്റ് പദ്ധതിയില്‍ ജില്ലയില്‍നിന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്താണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലബജറ്റ് തയാറാക്കിയത്. ഗാര്‍ഹികം, കൃഷി, മൃഗസംരക്ഷണം, മറ്റാവശ്യങ്ങള്‍ എന്നിവക്കായുള്ള ഓരോ പഞ്ചായത്തിന്റെയും ജല ഉപയോഗത്തിന്റെ വിശദാംശങ്ങളെല്ലാം പ്രത്യേകമായി ശേഖരിച്ചും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സി.ഡബ്ല്യു.ആര്.ഡി.എം) ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് അപഗ്രഥിച്ചുമാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.
എല്ലാ വർഷവും മുടങ്ങാതെ മഴ ലഭിക്കുമ്പോഴും കുടിവെള്ളക്ഷാമവും വരൾച്ചയുമടക്കമുള്ള പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തെ ശാസ്ത്രീയമായും ജനകീയ ഇടപെടലിലൂടെയും പരിഹരിക്കാനുള്ള ശ്രമമാണ് ബജറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ 3000-4000 എം.എം മഴ ലഭിക്കുന്നുണ്ട്. ചരിവ് കൂടുതലും ധാരാളം നീർച്ചാലുകൾ ഉള്ളതുമായ പ്രദേശമാണിവിടം.
അറക്കുളം പഞ്ചായത്തിൽ മേമുട്ടം പതിപ്പള്ളി പുത്തേട്, കണ്ണിക്കൽ അനൂർ, ആശ്രമം, വലകെട്ടി, കൂവപ്പള്ളി, വലകെട്ടി മുത്തിയുരുണ്ടയാർ, തെക്കുംഭാഗം എന്നിവിടങ്ങളും കഞ്ഞിക്കുഴിയിൽ അമ്പലക്കവല, മൂന്നേക്കാർ കോളനി, കട്ടിങ്, മൈലപ്പുഴ, വണ്ടന്മേട്, കുരിശുമല, മാക്കപ്പാറ, ഇടത്തട്ട് എന്നിവിടങ്ങളും കാമാക്ഷി പഞ്ചായത്തിൽ കരിക്കിന്മേട്, എട്ടാംമൈൽ, കാൽവരിമൗണ്ട് എന്നിവിടങ്ങളും മരിയാപുരത്ത് ന്യൂ മൗണ്ട്, തകരുമേട്, പ്രിയദർശിനി മേട് എന്നിവിടങ്ങളും വാത്തിക്കുടിയിൽ ജോസ് പുരം, ദൈവം മേട്, തേക്കിൻതണ്ട്, കള്ളിപ്പാറ, മൂങ്ങാപ്പാറ എന്നിവിടങ്ങളും വാഴത്തോപ്പ് പഞ്ചായത്തിൽ പെരുങ്കാല, മണിയാറൻ കുടി, ഗാന്ധിനഗർ, വാസുപ്പാറ എന്നിവിടങ്ങളുമാണ് കുടിവെള്ളക്ഷാമം നേരിടുന്നത്.
നീർത്തട അടിസ്ഥാനത്തിലുള്ള മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ റീചാർജിങ് കൂട്ടുന്നതിലൂടെയും വരൾച്ചയുടെ തീവ്രത കുറക്കാമെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. പരമാവധി കുളങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിൽ നിർമിക്കുകയും നിലവിലെ കുളങ്ങൾ പരിപാലിക്കുകയും മഴവെള്ള സംഭരണികൾ, പടുതാക്കുളങ്ങൾ എന്നിവ നിർമിക്കുക, എല്ലാ കിണറുകൾക്കും കിണർ റിചാർജിങ് ചെയ്യുക അനുയോജ്യമായ സ്ഥലങ്ങളിൽ ചെറു ചെക്ക്ഡാമുകൾ നിർമിക്കുക തുടങ്ങിവയിലൂടെ പ്രശ്നപരിഹാരം കാണാൻ കഴിയുമെന്നും ബജറ്റിലുണ്ട്. ഓരോ മഴക്കാലത്തും ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ 32 ഇടങ്ങൾ മണ്ണിടിച്ചിൽ സാധ്യതയുള്ളതായും റിപ്പോർട്ടിലുണ്ട്. അറക്കുളം പഞ്ചായത്തിൽ മേമുട്ടം, പതിപ്പള്ളി, പുത്തേട്, കണ്ണിക്കൽ, അനൂർ, ആശ്രമം, കൂവപ്പിള്ളി, വലകെട്ടി, മുത്തിയിരുണ്ടയാർ, തെക്കുംഭാഗം, ഇടാട്, മൂന്നുങ്കവയൽ എന്നിവിടങ്ങളും കഞ്ഞിക്കുഴി പഞ്ചായത്തിൽ ചുരുളി, തട്ടേക്കണ്ണി, കീരിത്തോട്, പഴയരിക്കണ്ടം എന്നിവിടങ്ങളും കാമാക്ഷി പഞ്ചായത്തിൽ ഇരൂകൂട്ടി,
താഴത്തുനീലിവയലും മരിയാപുരം പഞ്ചായത്തിൽ ചിറ്റടിക്കവല, നാരകക്കാനം, ഇടുക്കി, ഡബിൾ കട്ടിങ് എന്നിവിടങ്ങളും വാത്തിക്കുടി പഞ്ചായത്തിൽ പെരിയാർ വാലി, മേലേ ചിന്നാർ, കടക്കയം, ജോസ് പുരം വാഴത്തോപ്പ് പഞ്ചായത്തിൽ പൈനാവ്, പെരുംകാല, മണിയാറൻകുടി, മുളക് വള്ളി, പേപ്പാറ, ഗാന്ധി നഗർ കോളനി എന്നിവിടങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളായി ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.