അടിമാലി: ഒരാഴ്ചയിലേറെയായി ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. പൂപ്പാറ കോരമ്പാറയിലാണ് കഴിഞ്ഞ ഞായറാഴ്ച എട്ട് കാട്ടാനകൾ എത്തിയത്. ആനയുടെ ആക്രമണം ഭയന്ന് പല കുടുംബങ്ങളും തൽക്കാലത്തേക്ക് വീടുവിട്ടു.
തോട്ടം തൊഴിലാളികൾ ജോലിക്കിറങ്ങാതെ വീടുകളിൽ കഴിയുകയാണ്. 20 ഓളം കർഷകരുടെ ഹെക്ടർ കണക്കിന് കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കാട്ടാന ഓടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. വിളവെടുപ്പ് സമയത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത് വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. വീടുകളിലേക്ക് നൽകിയിരുന്ന കുടിവെള്ള പൈപ്പുകളും മറ്റും നശിപ്പിച്ചതിനാൽ കുടിവെള്ളം ഇല്ലാത്ത സാഹചര്യവും വന്നു.
അരിക്കൊമ്പൻ പോയതിനുശേഷം കാട്ടാനശല്യം വളരെ കുറവായിരുന്നു. മതികെട്ടാൻ മലനിരകളിൽനിന്നാണ് ഇവിടേക്ക് കാട്ടാനകൾ എത്തുന്നതെന്നാണ് കരുതുന്നത്. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് തുരത്താനോ ഇവ വരുത്തിയ നഷ്ടം വിലയിരുത്താനോ ആരും എത്തിയിട്ടില്ല.
ഇതോടെ വനംവകുപ്പിനെതിരെ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് തുരത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.