അടിമാലി: അടിമാലി പഞ്ചായത്ത് വയോജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച കട്ടിലുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. വിവാദമായതോടെ വിതരണം നിര്‍ത്തിവെച്ചതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
പൊടിഞ്ഞുപോകുന്നതും പൊട്ടിയതുമായ കട്ടിലില്‍ ബലപരീക്ഷണം നടത്തിയപ്പോള്‍ ഒടിഞ്ഞുവീണു. തിങ്കളാഴ്ച ചേരുന്ന കമ്മിറ്റി ടെൻഡര്‍ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷേര്‍ളി മാത്യു, സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഡി. ഷാജി എന്നിവര്‍ അറിയിച്ചു. 21 വാര്‍ഡുകളിൽ വിതരണത്തിന് 484 കട്ടിലുകളാണ് എത്തിച്ചത്. ഇതില്‍ ഏറെയും ഗുണഭോക്താക്കളായ വയോജനങ്ങള്‍ക്ക് കൈമാറി. ബാക്കിയുള്ളവ പഞ്ചായത്തില്‍ സൂക്ഷിച്ചു.
വെള്ളിയാഴ്ച പഞ്ചായത്ത് കമ്മിറ്റി യോഗം ചേരാൻ അംഗങ്ങൾ എത്തിയപ്പോഴാണ് കട്ടില് പൊടിഞ്ഞുവീണതും വിണ്ടുകീറിയതും ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കട്ടില് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത കട്ടില് ഗുണഭോക്താക്കളിൽനിന്ന് തിരിച്ചെടുക്കണമെന്നും നല്ല കട്ടിലുകൾ നൽകണമെന്നും പ്രതിപക്ഷ നേതാവ് ബാബു കുര്യാക്കോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.