അടിമാലി: സ്കാനിങ് യന്ത്രമുണ്ട്, പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ല...ഡയാലിസിസ് യന്ത്രവുമുണ്ട്, എന്നാൽ നിർമാണം പൂർത്തിയായിട്ടില്ല..ബ്ലഡ് ബാങ്കിന് ഉപകരണങ്ങളുണ്ട്, മുറിയിൽ വിശ്രമിക്കുകയാണ്...എക്സ്റേ യൂണിറ്റുണ്ട്, പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയാണ് ...ഓക്സിജൻ പ്ലാൻറുമുണ്ട്, പ്രവർത്തിക്കുന്നില്ല.... അങ്ങനെ എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥയിലാണ് അടിമാലി താലൂക്കാശുപത്രി. ഉപകരണങ്ങളുടെയും യന്ത്ര സാമഗ്രികളുടെയും കണക്കെടുത്താൽ മെഡിക്കൽ കോളജിൽ പോലും ഇത്രയും സംവിധാനം ഉണ്ടോയെന്ന് സംശയമാണ്. എന്നാൽ, ഇവയിൽ പ്രവർത്തിക്കുന്നത് ഏതെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം.
അടുത്തിടെ വരെ മികച്ച നിലയിൽ പ്രവർത്തിച്ച ഓക്സിജൻ പ്ലാന്റ് ഒരു മാസമായി പ്രവർത്തിക്കുന്നില്ല. നിസ്സാര തകരാർ പരിഹരിക്കാത്തതാണ് ഇതിന് കാരണം. ഇതുമൂലം ആശുപത്രിയിലേക്ക് ഓക്സിജൻ വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ്. ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായിരുന്ന എക്സ്റേ യൂനിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉപകരണവും കെട്ടിടവും പൊളിച്ചു. മൂന്ന് മാസം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല.
ഇതോടെ അമിതമായ നിരക്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ എത്തി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ് രോഗികൾ. ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ വാഹനാപകട കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാർ ആശുപത്രികളിലൊന്നാണ് അടിമാലി താലൂക്കാശുപത്രി. ഇത്തരത്തിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത എക്സ്റേ വിഭാഗവുമായിരുന്നു. ഇത് നിലച്ചതോടെ ദുരിതം വർധിച്ചു. ആശുപത്രി വികസന സമിതിയിലേക്ക് ലഭിച്ച വലിയ വരുമാനവും നഷ്ടമായി. സ്കാനിങ് ഇല്ലാത്തതിനാൽ രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പറഞ്ഞു വിടും. യാത്ര ചെയ്യാൻ പറ്റാത്തവരെ സ്ട്രക്ചറിൽ ഉന്തി തിരക്കേറിയ റോഡ് മുറിച്ച് കടത്തി കൊണ്ടു പോയാണ് ബന്ധുക്കൾ തിരികെ ആശുപത്രിയിൽ എത്തിക്കുന്നത്. ഈ ദുരനുഭവം ഒരിക്കെലെങ്കിലും അനുഭവിക്കാത്തവർ ഈ ആശുപത്രിയിൽ എത്തുന്നവരിൽ കുറവാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള താലൂക്കാണ് ദേവികുളം. തോട്ടം തൊഴിലാളികളും കർഷക തൊഴിലാളികളും കൂടി ആകുമ്പോൾ ദരിദ്രജനവിഭാഗത്തിന്റെ ഏക ആശ്രയവും ഈ ആശുപത്രിയാണ്. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ല. കോവിഡ് കാലത്താണ് ഇവിടെ പത്ത് ഡയാലിസിസ് 10 മെഷിനുകൾ എത്തിയത്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. എന്നാൽ ഫയർ എൻ.ഒ.സി ലഭിച്ചില്ല. ഇതോടെ ഉദ്ഘാടനം തടസ്സപ്പെട്ടു. ഇതിനിടയിൽ ഡി.എം. ഒ ഇടപെട്ട് അഞ്ച് ഡയാലിസിസ് മെഷിൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിരികെ എത്തിക്കുമെന്ന ഉറപ്പിലാണ് മാറ്റിയതെങ്കിലും പിന്നീട് ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ നടപടി ആകാത്തതിനാൽ തിരികെ വന്നില്ല. ബ്ലഡ് ബാങ്കിന്റെ അവസ്ഥയും സമാനമാണ്. മെഷിനറികൾ മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ടെക്നീഷ്യൻമാരെ ഉൾപ്പെടെ നിയമിച്ച് ഇത് തുറക്കാൻ നടപടി അധികൃതരുടെ ഭാഗത്ത് നിന്നില്ല. ഒഴിവുള്ള സൂപ്രണ്ടിനെ പോലും നിയമിക്കുന്നില്ല. താലൂക്കാശുപത്രി ആണെങ്കിലും ലേ സെക്രട്ടറി പോസ്റ്റില്ല. ലേ സെക്രട്ടറി വന്നാൽ മാത്രമെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടൽ സാധ്യമാകൂ. എന്നാൽ വികസന സമിതിയോ ബ്ലോക്ക് പഞ്ചായത്തോ ഇതിനായി ഒന്നും ചെയ്യുന്നുമില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടാണ് ഇവർക്കുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.