അടിമാലി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകളിലാണ് മുഴുസമയ പരിശോധന. വയനാട്ടിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ ചെക്പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ബോഡിമെട്ട് ചെക്പോസ്റ്റിൽ തമിഴ്നാട്ടിൽനിന്ന് പന്നിയെ വാഹനത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചിരുന്നു.
ഉദ്യോഗസ്ഥർ വാഹനം പിന്തുടർന്ന് പിടികൂടുകയും പന്നികളെ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിലെ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയത്. പന്നിയിറച്ചിയും ഉൽപന്നങ്ങളും അതിർത്തി കടത്തുന്നതിന് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർസംസ്ഥാനങ്ങളിൽനിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല.
മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.ഫാമുകൾ അണുമുക്തമാക്കാനും നിർദേശം നൽകി. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.