അടിമാലി: ബൈസൺവാലി വില്ലേജിനെ ദേവികുളം താലൂക്കുമായി ലയിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി. ദേവികുളം താലൂക്കിന്റെ അതിർത്തിയിലുള്ള ബൈസൺവാലി വില്ലേജിനെ ഉടുമ്പൻചോല താലൂക്കിൽനിന്ന് പൂർണമായും ഒഴിവാക്കി ദേവികുളം താലൂക്കിലേക്ക് കൂട്ടിച്ചേർത്താണ് ഗസറ്റ് വിഞ്ജാപനം പുറത്തിറക്കിയത്.
ഇതോടെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം 15 ആയി. ഉടുമ്പൻചോല താലൂക്കിലെ വില്ലേജുകളുടെ എണ്ണം 18ൽനിന്ന് 17 ആകും. ബൈസൺവാലി വില്ലേജിനെ ഉൾപ്പെടുത്തിയ ശേഷമുള്ള ദേവികുളം താലൂക്കിന്റെ വിസ്തൃതി 11,90,19.5208 ഹെക്ടർ ആണ്.
പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനൊടുവിലാണ് ബൈസൺവാലി ദേവികുളത്തിന്റെ ഭാഗമായത്. ഇതോടൊപ്പം ചിന്നക്കനാൽ വില്ലേജുകൂടി ദേവികുളത്തേക്ക് മാറ്റുമെന്ന് കരുതിയെങ്കിലും മാറ്റമുണ്ടായില്ല. ഉടുമ്പൻചോല താലൂക്കിന്റെ കീഴിലാണെങ്കിലും ബൈസൺവാലി, ചിന്നക്കനാൽ ഉൾപ്പെട്ട വില്ലേജുകൾ ദേവികുളം അസംബ്ലി മണ്ഡലത്തിന് കീഴിലുമായിരുന്നു.
ബൈസൺവാലി പഞ്ചായത്ത് അടിമാലി ബ്ലോക്കിന് കീഴിലുമായിരുന്നു. ബൈസൺവാലിക്കാർ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്ത് എത്തണമെങ്കിൽ വളരെ പ്രയാസം നേരിട്ടിരുന്നു. ഇതിന് പരിഹാരം ആവുകയും ചെയ്തു.
ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തും രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളും ദേവികുളം താലൂക്കിലെ മാങ്കുളം, അടിമാലി, പള്ളിവാസൽ, ബൈസൺവാലി പഞ്ചായത്തുകളും ചേർത്ത് അടിമാലി കേന്ദ്രമായി പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഉടുമ്പൻചോല, ദേവികുളം താലൂക്ക് സ്ഥാനങ്ങൾ അവികസിത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.