അടിമാലി: ആദിവാസികളെ മറയാക്കി വനമേഖലയില്‍ ഏലകൃഷി ഇറക്കിയ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ. ചിന്നാര്‍ വാഴപ്പിള്ളില്‍ രാജന് (56), നേര്യമംഗലം പാറക്കല്‍ ജോമി ജോസഫ് (50), അടിമാലി ചാറ്റുപാറ പള്ളിപ്പറമ്പില്‍ പി.എം. ഷാജി (40), രാജാക്കാട് പുറക്കുന്നേല്‍ അഭിജിത്ത് (26) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ തേട്ടക്കണ്ണി ആദിവാസി സങ്കേതത്തിലാണ് ഇവര്‍ ഏലകൃഷി ചെയ്ത് വന്നിരുന്നത്. 'മാധ്യമം' കഴിഞ്ഞ ദിവസം ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന നാല് വാഹനവും പണി ആയുധങ്ങളും വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. ആദിവാസികളുടെ പേരില്‍ പാട്ടവ്യവസ്ഥയില്‍ കരാര്‍ ഉണ്ടാക്കിയ ശേഷം വനഭൂമിയിലടക്കം ഏലകൃഷിയിറക്കിയ സംഭവത്തിലാണ് അറസ്റ്റെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. മച്ചിപ്ലാവ് സ്റ്റേഷന് കീഴില്‍ വിവിധയിടങ്ങളില്‍ വലിയതോതില്‍ വനഭൂമി കൈയേറി ഏലകൃഷി നടത്തുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസും അറിയിച്ചു. 15 ഏക്കര്‍ സ്ഥലത്തെ കൈയേറ്റം തിരിച്ചുപിടിച്ചു.
15,000 മുതല്‍ 25,000 രൂപവരെ നല്കി അഞ്ച് മുതല്‍ 10 വര്‍ഷത്തേക്ക് ഏലകൃഷി നടത്താന്‍ കരാര്‍ ഉണ്ടാക്കിയാണ് ആദിവാസികളുടെ ഭൂമിയില്‍ കൃഷിയിറക്കിയത്. ഇത്തരത്തില്‍ മാങ്കുളം റേഞ്ചില്‍ അടുത്തിടെ രണ്ട് ഏക്കര്‍ ഭൂമി വനപാലകര്‍ തിരിച്ചുപിടിച്ചിരുന്നു. ഒന്നോ രണ്ടോ ഏക്കര്‍ ഭൂമിക്ക് പാട്ടക്കരാര്‍ ഉണ്ടാക്കിയ ശേഷം അഞ്ച് മുതല്‍ 10 ഏക്കര്‍ ഭൂമിയില്‍ ഏലകൃഷി ഇറക്കുന്നതാണ് ഇവരുടെ രീതി.
വനഭൂമിയിൽ അടിക്കാടുകള്‍ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കുേമ്പാള് വ്യാപകമായി ജൈവ സമ്പത്ത് നശിക്കുകയും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരുകയും ചെയ്യും. ആദിവാസികളെ കബളിപ്പിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറുമെന്നും റേഞ്ച് ഒാഫിസര്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. വനം വകുപ്പ് ജീവനക്കാരായ വി.എസ്. സജീവ്, പി.ജി. സന്തോഷ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരും അറസ്റ്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.