അടിമാലി: ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. വാളറ പത്താംമൈൽ ലക്ഷംവീട് കാഞ്ഞിരപ്പറമ്പിൽ കമാലുദ്ദീൻ (46), പത്താംമൈൽ മാനംകാവിൽ ഹാരീസ് (38) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് അടിമാലി മന്നാങ്കാല ട്രൈബൽ ഹോസ്റ്റലിന് സമീപം താമസിക്കുന്ന കണ്ണിക്കാട്ട് ഉണ്ണിയുടെ ഭാര്യ ലളിതയുടെ (60) നാലര പവെൻറ മാലയാണ് കവർന്നത്.
200 ഏക്കർ-മെഴുകുംചാൽ റോഡിലായിരുന്നു സംഭവം. പുല്ല് ചുമന്ന് വീട്ടിലേക്ക് പോകുംവഴിയാണ് മാല പൊട്ടിച്ച് കടന്നത്. ടൗണിലേക്കുള്ള വഴി ചോദിച്ച ശേഷമാണ് മാല പൊട്ടിച്ചത്. നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയാണ് ഇവരെ കുടുക്കിയത്. മോഷണത്തിനുശേഷം ഇവർ മലപ്പുറത്തേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് െപാലീസ് പറഞ്ഞു. ഹാരീസിന് വർഷങ്ങളായി പത്താംമൈലുമായി ബന്ധമില്ല. പത്താംമൈൽ സ്വദേശിനിയെ വിവാഹം കഴിച്ചതോടെയാണ് കമാലുദ്ദീൻ ഇവിടെ എത്തിയത്. അടിമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസുമുണ്ട്.
ജില്ലയിൽ അടുത്തിടെ നടന്ന ചില മോഷണസംഭവങ്ങളിലും ഇവർക്ക് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. അടുത്തിടെ മച്ചിപ്ലാവ് അസീസി ചർച്ചിന് സമീപം വെച്ചും ഇത്തരത്തിൽ വീട്ടമ്മയുടെ മാല കവർന്നിരുന്നു. പ്രതികൾ പെട്ടിച്ചെടുത്ത മാല രാജകുമാരിയിലുള്ള ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ഷാജി, സി.പി.ഒമാരായ ഡോണി ചാക്കോ, ബി. രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.