അടിമാലി: ഹൈറേഞ്ചില്‍ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുകയാണ്. അടിമാലി, മാങ്കുളം, പള്ളിവാസല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. ഉയര്‍ന്ന ഭാഗങ്ങളില്‍ തോടുകളും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. ചില കിണറുകളില്‍നിന്ന് ദിവസം രണ്ടും മൂന്നും ബക്കറ്റ് വെള്ളം മാത്രമാണ് ലഭിക്കുന്നത്. 350 അടി താഴ്ചയില്‍ കുഴിച്ച കുഴൽകിണറ്റില്പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തേ ജലക്ഷാമം രൂക്ഷമായ സമയത്ത് ഈ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. ഇതുമൂലം നാട്ടുകാര്‍ കടുത്ത ദുരിതത്തിലാണ്. അടിമാലി പഞ്ചായത്തിലെ നെടുമ്പാറ ജലനിധി കുടിവെള്ള പദ്ധതി വന്നെങ്കിലും ജനങ്ങള്‍ക്ക് കുടിവെള്ളം മാത്രം ലഭ്യമായില്ല. പടിക്കപ്പില്നിന്ന് കൂറ്റന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നെടുമ്പാറയിലെ ടാങ്കില്‍ വെള്ളമെത്തിച്ചശേഷം നെടുമ്പാറ, ചില്ലിത്തോട് പട്ടികജാതി കോളനി എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്ന കൂറ്റന്‍ പദ്ധതിയായിരുന്നു. 250 ലേറെ കുടുംബത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ വീടുകളില്‍ കണക്ഷനും നല്കി. എന്നാല്‍, ഒരുതുള്ളി വെള്ളംപോലും എത്തിയില്ല. ഇപ്പോള്‍ പൈപ്പുകളും മറ്റും നശിച്ചു. 4000 രൂപവരെ പദ്ധതിവിഹിതമായി ഉപഭോക്താക്കള്‍ നല്‍കിയതാണ്.
ഇതിന് സമാനമായാണ് ദേവിയാര്‍ ജലനിധി കുടിവെള്ള പദ്ധതി കിടക്കുന്നതും. ഒന്നരക്കോടി മുടക്കിയ ഈ പദ്ധതിയില്‍ മുനിയറച്ചാലില്‍ ഒന്നിലേറെ ടാങ്കും കോളനിപ്പാലത്ത് ജലസമൃദ്ധമായ കൂറ്റന്കിണറും ഉണ്ടെന്നതൊഴിച്ചാല്‍ വെള്ളം ലഭിച്ചിട്ടില്ല.
നഷ്ടക്കണക്കുകള്‍ നിരത്തി പദ്ധതി വിഹിതത്തിന് പുറമെ 10 ലക്ഷത്തോളം രൂപ ജലനിധി അധികൃതര്‍ ഉപഭോക്താക്കളില്‍നിന്ന് പറ്റിച്ചെടുത്ത കഥയാണ് നാട്ടുകാർക്ക് പറയാനുള്ളത്.
ഇരുമ്പുപാലത്ത് വാട്ടര്‍ അതോറിറ്റിയുടെ വന്‍കിട ജലസേചന പദ്ധതിയും ഉപേക്ഷിച്ച അവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി ദേവിയാര്‍ പുഴയരികില്‍ സ്ഥാപിച്ച മോട്ടോര്‍ പമ്പ് ഹൗസും മോട്ടോറും തുരുമ്പെടുത്ത് നശിക്കുന്നു. ഇവിടമിപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ശാന്തന്‍പാറ പഞ്ചായത്തിലെ കൊഴിപ്പന ആദിവാസി കോളനിയിലും കുടിവെള്ളമില്ല. ഇവിടെയുള്ളവര്‍ ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് കുടിവെള്ളം തലച്ചുമടായാണ് കൊണ്ടുവരുന്നത്.
കാട്ടാനകള്‍ നിത്യവുമുള്ള ഇതുവഴി ജീവൻ പയണംവെച്ചാണ് ആദിവാസികൾ വെള്ളം ശേഖരിക്കാന്‍ പോകുന്നത്. ആനഭീഷണി കാരണം പലപ്പോഴും വെള്ളം എടുക്കാതെ തിരികെ പോരേണ്ടി വരുന്നതായി ആദിവാസികള്‍ പറയുന്നു. മാങ്കുളം പഞ്ചായത്തിലെ വിവിധ മേഖലകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ജലനിധി, ജല്‍ജീവന്‍ പദ്ധതികള്‍ ഇവിടെ പരാജയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.