അടിമാലി: വിലയും വിളവുമില്ലാതായതോടെ ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉൽപാദനം 50 ശതമാനത്തിലേറെ കുറഞ്ഞു. ഹൈറേഞ്ചില്‍ മറ്റു കൃഷിയോടൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്തിട്ടുള്ളത്.
തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായി നിന്നത് കൊക്കോ ആയിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പ് 70 രൂപവരെ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോള്‍ 50ൽ താഴെയാണ് വില. കേടുവന്നവ വിപണിയിലെത്തുന്നതിനാല്‍ പലയിടത്തും കൊക്കോ ശേഖരണം പോലും നടക്കുന്നില്ല.
ശക്തമായ മഴ കൃഷിക്ക് കനത്ത തിരിച്ചടിയാണ്. തളിരിട്ട പൂക്കള്‍ ഇതിനാൽ പിടിക്കുന്നില്ല. ഇതിന് പുറമെ കായ് ചീയലും ഫംഗസ് ബാധയും കൂടിയായതോടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. പരിപ്പിന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നു. കാഡ്ബറീസ് കമ്പനി മാത്രമാണ് ഇപ്പോള്‍ കൊക്കോ ശേഖരിക്കുന്നത്. ഇവര്‍ മനഃപൂര്‍വം വില ഇടിക്കുന്നതായും ആരോപണമുണ്ട്.
ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏകകൃഷിയാണ് കൊക്കോ. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉല്പാദനച്ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ ജില്ലയിൽ നിരവധി പേർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഇന്ത്യയില്‍ മൊത്തം ഉല്പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്.
ഇതില്‍ 70 ശതമാനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്പാദനം ഉള്ളത്. ചോക്ലറ്റ് നിര്‍മാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാര്യമായ പ്രോത്സാഹനം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്പാദനം നടക്കുന്നുണ്ട്.
വിവിധ ചോക്ലറ്റ് കമ്പനികള്‍ ഇറക്കുമതി കൂട്ടിയതും തിരിച്ചടിയായിട്ടുണ്ട്. ഉല്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറക്കുന്ന സാഹചര്യം ഒരുക്കാൻ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍, കര്‍ഷകരുടെ നിലനില്പ് ഭീഷണിയിലായിട്ടും കൃഷി വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.