മഴയത്ത് ജീപ്പിൽ കയറിയ ആദിവാസി യുവാക്കളുടെ പണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ കവർന്നതായി പരാതി

അടിമാലി: രാത്രി വീട്ടിലേക്ക് പോകാന്‍ കഴിയാതെ ടൗണില്‍ കുടുങ്ങിയ ആദിവാസി യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ തടഞ്ഞുവെച്ച് പണം കവർന്നതായി പൊലീസില്‍ പരാതി. അടിമാലി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.

അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട ഇളംബ്ലാശ്ശരി അഞ്ച്കുടി ആദിവാസി കോളനിയിലെ മുത്തു രാമകൃഷ്ണന്‍, സതീഷ് കൊച്ചുവെളളാന്‍ എന്നിവരുടെ പണമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍

തട്ടിയെടുത്തതത്രെ. മുനിയറയില്‍ തടിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുവാനായി അടിമാലിയിലെത്തിയതായിരുന്നു ഇവർ. കൈവശമുണ്ടായിരുന്ന 10,000 രൂപ എക്‌സൈസുകാർ തട്ടിയെടുത്തെന്നാണ് പരാതി.

എന്നാല്‍, രാത്രിയായതിനാല്‍ ലാസ്റ്റ് ബസും പോയിരുന്നു. ടൗണില്‍ കുറെ സമയം ചിലവഴിച്ചെങ്കിലും വാഹനങ്ങളൊന്നും കിട്ടിയില്ല. പിന്നീട് ദേശീയപാതയിലൂടെ സഞ്ചരിച്ച് എക്‌സൈസ് റേഞ്ച് ഓഫിസ് സ്ഥിതിചെയ്യുന്ന അമ്പലപ്പടിയില്‍ എത്തി. ഇതിനിടെ ശക്തമായ മഴപെയ്തപ്പോൾ ഓഫിസിന് മുന്നില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വകുപ്പ് വാഹനത്തില്‍ കയറി മഴനനയാതെ ഇരുന്നു. ഇതിനിടെ എത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളെ ഓഫിസിലേക്ക് കൂട്ടികൊണ്ടുപോയെന്നും പണം വാങ്ങിയെടുത്തശേഷം ഇറക്കിവിട്ടെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തടിപ്പണി ചെയ്തും തേന്‍ വില്‍പന നടത്തിയും കിട്ടിയ പണമാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് ഇവർ പറയുന്നത്. മുത്തു രാമകൃഷ്ണന്‍ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും അടിമാലി പൊലീസ് പറഞ്ഞു.

Tags:    
News Summary - Complaint against excise officials robbed money of tribal youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.