അടിമാലി: തിങ്കളാഴ്ച രാവിലെ ഗ്യാപ് റോഡിൽ ചിന്നക്കനാൽ-ആനയിറങ്കൽ ഭാഗത്ത് ഇന്നോവ കാറിന്റെ ഡോർ വിൻഡോവഴി ശരീരം പുറത്തിട്ട് യുവാക്കൾ അഭ്യാസം നടത്തിയ കാറിന്റെ ഉടമയെ കണ്ടെത്തി. യുവാക്കളുടെ അഭ്യാസത്തിന്റെ വിഡിയോ, മറ്റൊരു കാറിൽ പിന്നാലെയുണ്ടായിരുന്ന യാത്രക്കാരൻ മൊബൈലിൽ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചാണ് ഉടമയെ കണ്ടെത്തിയത്.
വിഡിയോ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ വാഹനം ബൈസൺവാലി ഭാഗത്തുനിന്ന് കസ്റ്റഡിയിൽ എടുത്തതായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. രാജീവ് അറിയിച്ചു. വാഹനത്തിൽ ആറുപേർ ഉണ്ടായിരുന്നു. കണ്ണൂർ സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് കസ്റ്റഡിയിൽ എടുത്തെന്നും ആർ.ടി.ഒ കൂട്ടിച്ചേർത്തു.
അപകടകരമായ വാഹന ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഡ്രൈവറുടെ ശ്രദ്ധയെ തടസ്സപ്പെടുത്തുന്ന യാത്രക്കാരുടെ പെരുമാറ്റം, റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിപൂർണമായ ലംഘനം, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ശരിയായ വിധത്തിൽ പ്രദർശിപ്പിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കായി 5750 രൂപ പിഴയുണ്ടാകും.
കൂടാതെ കോടതി നടപടിയും നേരിടേണ്ടി വരും മൂന്നാർ-മാട്ടുപ്പെട്ടി, മൂന്നാർ-പൂപ്പാറ, മൂന്നാർ-അടിമാലി റൂട്ടിൽ സ്പെഷൽ ചെക്കിങ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. രാജീവിന്റെ നിർദേശപ്രകാരം എ.എം.വി.ഐമാരായ ബിനു കൂരാപ്പിള്ളി, ഫിറോസ് ബിൻ ഇസ്മായിൽ എന്നിവരാണ് വാഹനം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.