അടിമാലി: ഏപ്രിൽ പകുതി പിന്നിട്ടിട്ടും ചാറ്റൽമഴപോലും പെയ്യാത്ത ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ കൃഷികൾ സർവനാശത്തിലേക്ക്. എലത്തോട്ടങ്ങളാണ് ഏറെ നാശം ഉണ്ടായിരിക്കുന്നത്. നിബിഡമായ തോട്ടങ്ങൾപോലും കടുത്ത വേനലിൽ കരിഞ്ഞ് ഉണങ്ങുകയാണ്. നേരംപുലരും മുതൽ സന്ധ്യവരെ കൊടുംചൂടാണ്. പച്ചപ്പുമായുന്ന ചെടികൾ വേഗത്തിൽ കരിഞ്ഞുണങ്ങുന്നു. കുരുമുളകും കാപ്പിയും തെങ്ങും കോക്കോയും ജാതിയും കമുങ്ങുമെല്ലാം ഉണങ്ങി. വാഴയും ഏലവും തലങ്ങും വിലങ്ങും ഒടിഞ്ഞുവീഴുന്നു. ഏക്കർ കണക്കിന് ഏലകൃഷി നശിച്ചു. തെങ്ങുകളുടെയും കമുകിന്റെയും മണ്ടയുണങ്ങി. ജലസേചന സംവിധാനങ്ങളെല്ലാം പാഴായതോടെ നനച്ചിരുന്ന തോട്ടങ്ങൾ കൂടുതലായി ഉണങ്ങി. തമിഴ്നാട് അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലെ സ്ഥിതിയും രൂക്ഷമാണ്. സമീപ ഭാവിയിൽ ഈ പ്രദേശങ്ങൾ ജനവാസത്തിനു പറ്റാതാകുമെന്ന മുന്നറിയിപ്പുകളും ജനത്തെ ആശങ്കപ്പെടുത്തുന്നു.
ഇതിന് പുറമെ രൂക്ഷമായ വന്യമൃഗശല്യവും കർഷകരെ അലട്ടുന്നു. ബൈസൺവാലി, രാജക്കാട്, രാജകുമാരി, ശാന്തൻപാറ, അടിമാലി, മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലായി ആയിരം ഹെക്ടററോളം ഏലകൃഷി നശിച്ചതായാണ് വിവരം. നാണ്യവിളകളും പച്ചക്കറിയുമടക്കമുള്ള എല്ലാ വിളകളെയും ചൂട് പ്രതികൂലമായി ബാധിച്ചു. നാട്ടിൽ ദുരന്തമുണ്ടാകുമ്പോഴും സാരമില്ലെന്ന മട്ടിലാണ് ഭരണകർത്താക്കൾ. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയാൽ പിന്നെ അത് അവസാനിക്കും വരെ ഉദ്യോഗസ്ഥർക്കാണ് അധികാരം. പ്രകൃതിക്ഷോഭങ്ങളടക്കമുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ ഇതിനെല്ലാം ഇളവുണ്ടെങ്കിലും ശുദ്ധജല വിതരണത്തിനും വിലക്കുണ്ടെന്നാണു പഞ്ചായത്തുകളുടെ ന്യായം. വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാതെ ഒരപേക്ഷയും സ്വീകരിക്കാനാകിവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജില്ല ഭരണകൂടം റിപ്പോർട്ട് സമർപ്പിച്ചിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നില്ല. സർവകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം സർക്കാറിനെ അറിയിക്കാൻ പ്രാദേശികതലങ്ങളിലും നീക്കമില്ല. കൃഷി ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും ജില്ല ഭരണകൂടമോ, ദുരന്തനിവാരണ സമിതിയോ സ്ഥലത്തെത്തി കാര്യങ്ങൾ മനസ്സിലാക്കാൻ തയാറാകാത്തതും കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കുടിവെള്ളമില്ലാതെയും നാട്ടുകാർ കഷ്ടപ്പെടുന്നു. വ്യാപാര മേഖലയെയും വരൾച്ച തളർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.