അടിമാലി: ആദിവാസി മേഖലകളിൽ ലഹരി മാഫിയ പിടി മുറുക്കിയതോടെ ആദിവാസികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിക്കുന്നു. ലഹരിമാഫിയ ഇവരെ ലഹരി വിൽപനക്കാരും കാരിയർമാരുമായി ഉപയോഗിക്കുകയും ചെയ്യുന്നു. ജനമൈത്രി എക്സൈസ് രൂപികരിച്ച് ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉൾപ്പടെ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും വിജയത്തിലെത്തുന്നില്ല.
സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി, ആദിവാസി ജനസംഖ്യ ധാരാളമുള്ള പഞ്ചായത്തുകളായ മാങ്കുളം, അടിമാലി, വട്ടവട, കാന്തലൂര്, മറയൂര്‍ പഞ്ചായത്തുകളിലാണ് ആദിവാസികള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിച്ചത്. ഈ പഞ്ചായത്തുകളിലെ ചില അവികസിത മേഖലയില്‍ കഞ്ചാവ് കൃഷിയും വ്യാജ മദ്യ നിർമാണവും വന്‍തോതില്‍ നടക്കുന്നതായും വിവരമുണ്ട്. പുറമെ നിന്നുളളവരുടെ സഹായത്തോടെയാണ് ഇവ നിര്‍മ്മിക്കുന്നത്.
വനവും ആദിവാസികളുമായി ഏറെ അടുപ്പമുളള വനംവകുപ്പിലെ ജീവനക്കാരും ഇത്തരക്കാര്‍ക്ക് സഹായം ചെയ്യുന്നു. മാങ്കുളം, വട്ടവട, മറയൂര്‍, കാന്തലൂര് പഞ്ചായത്തുകളിലെ ചില ആദിവാസി കോളനികളില്‍ ചാരായ നിർമാണം കുടില്‍ വ്യവസായം പോലെയാണ്. ചാരായം നിർമിക്കാനാവശ്യമായ വാഷും കോടയും തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച് നല്‍കിയും നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചാരായത്തില്‍ കളര്‍ ചേര്‍ത്ത് വ്യാജ വിദേശമദ്യവും നിർമിക്കുന്നുണ്ട്.
മൂന്നാര്‍ മേഖലയിലെ എസ്റ്റേറ്റ് ലയങ്ങൾ കേന്ദ്രീകരിച്ച് മൊബൈല്‍ മദ്യവിൽപനക്കാരുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമത്തിനായി കോടികള്‍ പൊടിക്കുമ്പോഴും ആദിവാസി കോളനികളില്‍ അമിതമദ്യപാനം വില്ലനാകുന്നത് സംബന്ധിച്ച് ഒരുനടപടിയും ഇല്ല. കാര്യമായ ബോധവൽക്കരണങ്ങള്‍ കോളനികളില്‍ നടത്താത്തതാണ് ആദിവാസികള്‍ മദ്യത്തിന് അടിമപ്പെടാന്‍ പ്രധാനകാരണം.
മാങ്കുളം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ മദ്യപാനം വരുത്തുന്ന ദുരിതം ചില്ലറയല്ല. ഇതു ഇവരുടെ ജീവിതത്തെയും കുട്ടികളുടെ പഠനാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഹാന്‍സ് പോലുളള ലഹരി വസ്തുകളും വെറ്റില മുറുക്കും മൂലം കാന്‍സര്‍ പോലുളള രോഗങ്ങളും ആദിവാസികൾക്കിടയിൽ പടർത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ സർവേയില്‍ വായില്‍ കാന്‍സര്‍ ബാധിച്ച് നൂറുകണക്കിന് ആദിവാസികളെ കണ്ടെത്തിയിരുന്നു. ഇതിനു പ്രധാന കാരണം ലഹരി ഉപയോഗവും വെറ്റില മുറുക്കുമാണെന്ന് കണ്ടെത്തിയങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.