അടിമാലി: വേനൽ കനക്കും മുേമ്പ കൂട്ടമായി കാട്ടാനകൾ ആനക്കുളം 'ഒാരി'ലെ പതിവ് സന്ദർശകരായി. ശക്തമായ വേനലിൽ കുടിവെള്ളം തേടിയാണ് മുമ്പ് കാട്ടാനകൾ കൂട്ടത്തോടെ ഇവിടെ എത്തിയിരുന്നത്. ഒരാഴ്ചയായി തുടർച്ചയായി കാട്ടാനകളെത്തുന്നതോടെ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു.
ആനക്കുളം പുഴയിൽ ഒരു പ്രത്യേക സ്ഥലത്ത് (ഓര്) ഉപ്പുരസമുള്ള വെള്ളം കുടിക്കാനാണ് കാട്ടാനകൾ കൂട്ടത്തോടെ ഇങ്ങോട്ടെത്തുന്നത്. ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് നേരെ എതിർ ദിശയിലുള്ള കയത്തിൽ കടുത്തവേനലിലും ഭൂമിക്കടിയിൽനിന്ന് വെള്ളം ഉയർന്നുവരുന്നത് കാണാം. വെള്ളത്തിൽ ഉപ്പുരസമുള്ളതിനാൽ ഈ രുചിതേടിയാണ് കാട്ടാനകൾ എത്തുന്നതെന്നാണ് ഇവിടത്തുകാർ പറയുന്നത്. ജില്ലയിലെ അവികസിത ഗ്രാമമാണ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം. മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടത്തെ കാലാവസ്ഥയും പ്രകൃതിയും. കാലവർഷത്തിലൊഴികെ ആനക്കുളത്തെത്തിയാൽ കാട്ടാനളെ കാണാം. കൂട്ടമായെത്തുന്നത് കനത്ത വേനലിലാണെന്ന് മാത്രം. മറ്റിടങ്ങളിൽ കാട്ടാനകൾ ആക്രമകാരികളാണെങ്കിൽ ആനക്കുളംകാർക്ക് കാട്ടാനകൾ ഉപദ്രവകാരികളല്ല.
പതിറ്റാണ്ടുകളായി ഇവിടെ കാട്ടാനകൾ എത്താറുണ്ടെങ്കിലും ദുരനുഭവമില്ല. പുലർച്ചയാണ് മിക്കവാറും എത്തുന്നത്. കുട്ടിയാനകളടക്കം പുഴയിലിറങ്ങി കുളിക്കുന്നത് നവ്യാനുഭവമാണ്. ചില ദിവസങ്ങളിൽ മുപ്പത് ആനകൾവരെ കൂട്ടമായി എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അടിമാലിക്കും മൂന്നാറിനുമിടയിൽ ദേശീയപാതയിൽനിന്ന് തിരിഞ്ഞ് കല്ലാർ - കുരിശുപാറ വഴി മാങ്കുളത്ത് എത്താം. ഇവിടെനിന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കുളത്തും. വിനോദ സഞ്ചാര രംഗത്ത് ഏറെ സാധ്യതയാണ് മാങ്കുളം പഞ്ചായത്തിനുള്ളത്. ഈ ഭാഗത്തെ കോഴിവാലൻകുത്ത്, പെരുമ്പൻകുത്ത് വെള്ളച്ചാട്ടങ്ങൾ കണ്ണിന് കുളിരേകുന്നു. ആദിവാസികളുടെ ആവാസകേന്ദ്രവും സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയും. പഴയ ആലുവ മൂന്നാർ റോഡിെൻറ ഭാഗമായ രാജപാത മാങ്കുളം വഴിയായിരുന്നു. നൂറ്റാണ്ടിന് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ള പാച്ചിലിലും കരിന്തിരിമല ഇടിഞ്ഞ് ഒരു ഗ്രാമം തന്നെ പാറക്കെട്ടുകൾക്ക് അടിയിലായെന്നാണ് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.