അടിമാലി: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജില്ലയിലെ ആരോഗ്യമേഖല. ഒരു ഡോക്ടർ പോലും ഇല്ലാത്തതിനാൽ ശനിയാഴ്ച മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു. കല്ലാർ, വട്ടയാർ, ചിന്നക്കനാൽ ആശുപത്രികളിൽ ഡോക്ടർമാർ എത്തിയെങ്കിലും രണ്ടു മണിക്കൂറിൽ താഴെ മാത്രമാണ് ഒ.പി പ്രവർത്തനം.
ജില്ലയിൽ 46 തസ്തികകൾ ഡോക്ടർമാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. അതിനിടെ താൽക്കാലിക ഡോക്ടർമാർ കൂട്ടത്തോടെ പരീക്ഷ അവധി എടുക്കുകയും ചെയ്തു. ഇത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. 35 ഡോക്ടർമാരുടെ കുറവ് ജില്ലയിലുണ്ട്. ഇവർക്ക് പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല.
ഇതോടെ പല ആശുപത്രികളിലും രാവിലത്തെ ഒ.പി പോലും മുടക്കമില്ലാതെ കൊണ്ടുപോകാൻ പാടുപെടുകയാണ് അധികൃതർ. മലയോര മേഖലയിലാണ് ഡോക്ടർമാരുടെ കുറവ് ഏറെ. ജില്ലയില്‍ ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാണ്. ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ചില ആശുപത്രികളിൽ പ്രവർത്തനം പേരിന് മാത്രമാണ്. ഏഴ് ബ്ലോക്കിലായി 52 സർക്കാർ ആശുപത്രികളുണ്ട്. ഒരു ആശുപത്രിയിൽ ശരാശരി മൂന്ന് ഡോക്ടർ വേണം. എന്നാൽ, ചിലയിടങ്ങളിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.
ഭൂരിഭാഗം പ്രൈമറി, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരമാവധി രണ്ട് ഡോക്ടർമാർ മാത്രം. ഗ്രാമപഞ്ചായത്തുകൾക്ക് ഇത്തരം ആശുപത്രികളിൽ മൂന്നാമത്തെ ഡോക്ടറെ താൽക്കാലികമായി നിയമിക്കാമെങ്കിലും ഇതിന് തയാറാകുന്നില്ല. എൻ.ആർ.എച്ച്.എം പദ്ധതിയിൽ താൽക്കാലിക നിയമനം നടത്തിയാണ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നത്.
എന്നാൽ, കൂടിക്കാഴ്ച നടത്തിയാൽപോലും ജില്ലയിൽ ജോലി ചെയ്യാൻ ഡോക്ടർമാരെ കിട്ടാത്ത സ്ഥിതിയാണ്. പുതിയ നിയമനങ്ങളിൽ കൂടുതലും എം.ബി.ബി.എസ് മാത്രം കഴിഞ്ഞവരാണ്. പലരും വൈകാതെ ഉന്നത പഠനത്തിനായി അവധിയെടുത്ത് പോകുന്നതും പതിവ്.
ജില്ലയിൽ സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് അധികവേതനം നൽകുകയോ ഇൻസെന്റിവ് നൽകുകയോ ചെയ്താൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കഴിയുമെങ്കിലും നടപ്പാക്കുന്നില്ല. ഇക്കാര്യം ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി സർക്കാർ സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.