അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. പ്രതികൂല കാലവസ്ഥക്ക് പുറമെ രൂക്ഷമായ വന്യമൃഗ ശല്യവുമാണ് വട്ടവടയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ നിരവധി കർഷകരാണ് കൃഷിയിൽ നിന്ന് പിന്മാറിയത്. വട്ടവട പഞ്ചായത്തിലെ ചിലന്തിയാർ, പഴത്തോട്ടം, വട്ടവട, ഇടമണൽ, കൊട്ടാക്കാമ്പൂർ, കടവരി, വത്സപ്പെട്ടി, കൂടല്ലാർ തുടങ്ങിയ മേഖലകളാണ് ഏറ്റവുമധികം പച്ചക്കറികളും വെളുത്തുള്ളിയും ഉൽപാദിപ്പിക്കുന്നത്. വട്ടവട പഞ്ചായത്തിലെ ജനസംഖ്യയുടെ 60 ശതമാനം പേരും പരമ്പരാഗത പച്ചക്കറി കൃഷികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്.
രണ്ടു വർഷമായി പച്ചക്കറി കൃഷിക്കാവശ്യമുള്ള വെള്ളം യഥാസമയം ലഭിക്കാത്തത് കാരണം സീസണിൽ കുറച്ചു മാത്രമാണ് കൃഷി ചെയ്യാൻ കഴിഞ്ഞത്. മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്ത കൃഷികൾ ഇത്തവണ കടുത്ത വേനലിൽ വ്യാപകമായി കരിഞ്ഞുപോയി. വട്ടവട മേഖലയിൽ ഇത്തവണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കടുത്ത വേനലായിരുന്നു. ഓണക്കാലത്തേക്കാവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത് ഈ മാസങ്ങളിലായിരുന്നു.
എന്നാൽ, മഴ ചതിച്ചതോടെ ഒരു മാസം മുമ്പ് മാത്രമാണ് കർഷകർക്ക് കൃഷിയിറക്കാൻ കഴിഞ്ഞത്. വിവിധ തരം ബീൻസുകൾ, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയാണ് നിലവിൽ മേഖലയിൽ വ്യാപകമായി കൃഷിയിറക്കിയിരിക്കുന്നത്. മിക്ക പച്ചക്കറികളും വിളവെടുക്കാറായതോടെയാണ് കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കാനാരംഭിച്ചത്. കൊമ്പനടക്കം മൂന്ന് കാട്ടാനകളാണ് പഴത്തോട്ടം മേഖലയിൽ ദിവസങ്ങളായി പച്ചക്കറികൾ വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷികളാണ് ആനകൾ ഇതിനകം നശിപ്പിച്ചത്.
ഏക്കർ കണക്കിന് സ്ഥലത്തെ വെളുത്തുള്ളി അടക്കമുള്ള കൃഷിയും നാമാവശേഷമാക്കി. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ആനകളെ തുരത്താൻ നടപടിയെടുക്കാത്തതിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇതിന് പുറമെയാണ് കാട്ടുപോത്തിന്റെ ശല്യവും. ഇതോടെ നിരാശയിലാണ് കർഷകരുടെ പിന്മാറ്റം. കടുത്ത വേനലിൽ കൃഷികൾ കരിഞ്ഞു പോകുകയും ആനയടക്കം വന്യമൃഗങ്ങൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തതും കർഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.