അടിമാലി: കേന്ദ്ര സർക്കാർ വിതരണത്തിന് നൽകുന്ന ഫോർട്ടിഫൈഡ് അരി കരിഞ്ചന്തയിൽ സുലഭം. മറ്റ് അരികളുമായി കലർത്തിയാണ് കൂടിയ വിലയിൽ ഇതിന്റെ വിൽപന. റേഷൻ കടകളിലൂടെ മാത്രം വിതരണം ചെയ്യേണ്ട അരിയാണ് ഹൈറേഞ്ചിലെ സ്വകാര്യ സുപ്പർ മാർക്കറ്റുകളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും വൻതോതിൽ ലഭ്യമായിട്ടുള്ളത്. പ്രമുഖ കമ്പനിയുടെ പാക്കറ്റിലാണ് ഇത്തരം അരി വിപണിയിൽ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ജില്ല സപ്ലൈ ഓഫിസറെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിന് വിവരം കൈമാറിയാൽ അവർ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് നിലപാട്. ഹൈറേഞ്ചിലെ ഒരു സ്ഥാപനത്തിൽ ഇത്തരത്തിൽ നിരവധി ചാക്ക് അരി വിൽപനക്ക് വെച്ചതായി സാമൂഹിക പ്രവർത്തകൻ പരാതിയായി ഉന്നയിച്ചിട്ടും ജില്ല സപ്ലൈ ഓഫിസ് അധികൃതർ അനങ്ങിയിട്ടില്ല.
തമിഴ്നാട്ടിൽ നിന്ന് ദിവസവും ലോഡ് കണക്കിന് റേഷനരി ജില്ലയിലും എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലേക്കും എത്തുന്നുണ്ട്. അതിർത്തി ചെക്ക് പോസ്റ്റ് കടന്നാണ് ഇവ എത്തുന്നത്. ഓണക്കാല പരിശോധനകൾ വ്യാപകമായി നടത്തുന്നതായി പറയുമ്പോഴും കള്ളക്കടത്ത് പിടികൂടുന്നില്ല. പിന്നിൽ വൻമാഫിയയാണ് പ്രവർത്തിക്കുന്നത്. റേഷൻ കടകളിൽ മഞ്ഞ കാർഡുകൾക്ക് 30 കിലോ അരിയും ബി.പി.എൽ കാർഡുകൾക്ക് ആളോന്നിന് നാലു കിലോ അരിയും നീല കാർഡ് സബ്സിഡി കാർഡിന് നാലു രൂപ നിരക്കിൽ ആളോന്നിന് രണ്ടു കിലോ അരിയും വെള്ള കാർഡിന് അഞ്ചുകിലോ അരിയും നൽകുന്നു. കാർഡ് ഉടമകൾ റേഷൻ കടകളിൽ എത്തി പഞ്ചിങ് നടത്തിയാലെ അരി നൽകാൻ കഴിയൂ എന്നിരിക്കെയാണ് അധിക പോഷകമൂല്യമുള്ള അരി സുലഭമായി വിപണിയിൽ എത്തുന്നത്. ജില്ലയിലെ റേഷൻ കടകളിൽ 90 ശതമാനവും പച്ചരി മാത്രമാണ് നൽകുന്നത്. കുത്തരിയും വെള്ളരിയും ലഭിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.