അടിമാലി: സ്കൂൾ തുറന്ന് ഒന്നര മാസമായിട്ടും യൂനിഫോമിനു ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ. ഒന്നു മുതൽ എട്ടുവരെ ക്ലാസിലുള്ളവർക്കാണ് യൂനിഫോം തുക നൽകി വന്നിരുന്നത്. ഒരു കുട്ടിക്ക് രണ്ടു ജോടി യൂനിഫോമിനായി 400 രൂപ തുണിക്കും 200 രൂപ തുന്നൽ കൂലിയുമായി 600 രൂപയാണ് അനുവദിക്കുന്നത്. ഇത് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ഇതനുസരിച്ച് കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിച്ച് കൈമാറിയിരുന്നു. കുട്ടികൾക്ക് അക്കൗണ്ട് ഇല്ലാതിരുന്നതും പദ്ധതിക്ക് തടസ്സമായി. നിലവിൽ സർക്കാർ സ്കൂളുകളിൽ യൂനിഫോമിനു കൈത്തറി തുണി നൽകുകയാണ് ചെയ്തത്. എയ്ഡഡ് മേഖലയിൽ എൽ.പി വിഭാഗത്തിന് മാത്രമാണ് യൂനിഫോം തുക അനുവദിച്ചത്. യു.പി വിഭാഗം കുട്ടികൾക്ക് തുക ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷവും സമാനമായ സ്ഥിതിയായിരുന്നു.
ഭാരിച്ച തുക വരുന്നതിനാൽ സ്കൂൾ അധികൃതർ തുക കണ്ടെത്തി യൂനിഫോം വിതരണം ചെയ്യുന്നുമില്ല. എൽ.പി വിഭാഗക്കാർക്ക് വിതരണം ചെയ്യുകയും യു.പി വിഭാഗത്തിലുള്ളവർ പഴയ യൂനിഫോമിൽ തുടരാൻ ആവശ്യപ്പെടുകയുമാണ് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കുമെന്നു കരുതി യൂനിഫോം വാങ്ങി നൽകിയ പി.ടി.എ, സ്കൂൾ അധികൃതർ എന്നിവരും അങ്കലാപ്പിലാണ്. നേരത്തേ എസ്.എസ്.എ മുഖേന നൽകിയിരുന്ന ഫണ്ട് വിദ്യാഭ്യാസ വകുപ്പുവഴി ആക്കിയതു മുതലാണ് വിതരണം അവതാളത്തിലായത്. അധ്യയന വർഷത്തിന്റെ പകുതിയിൽ തുക ലഭിച്ചാൽ ആർക്കും കൃത്യമായി യൂനിഫോം വാങ്ങാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.