അടിമാലി: ശൗചാലയ മാലിന്യം ഓടയിലേക്കും തോടുകളിലേക്കും തുറന്ന് വെച്ചിരിക്കുന്നത് കണ്ട് അന്തംവിട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. നടപടിക്ക് മുതിർന്ന പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ ആക്രോശവും ഭീഷണിയും. ശക്തമായ നടപടിയെന്ന് പഞ്ചായത്ത് ഭരണ സമിതി.
അടിമാലി ടൗണിൽ ബഹുനില മന്ദിരങ്ങളിൽനിന്നും വൻകിട ഹോട്ടലുകളിൽനിന്നും ശൗചാലയ മാലിന്യം ഉൾപ്പെടെ ഓടകളിലേക്കും തോടുകളിലേക്കും തുറന്ന് വെച്ചിരിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ നൽകിയ വാർത്തയെത്തുടർന്നാണ് നടപടിക്ക് അധികൃതർ എത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, മെംബർ ബാബു കുര്യാക്കോസ്, പ്രതിപക്ഷ ലീഡർ സി.ഡി. ഷാജി, സെക്രട്ടറി നന്ദകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, പൊലീസ് അധികൃതർ ഉൾപ്പെടെ എത്തിയാണ് നടപടിക്ക് തുടക്കം കുറിച്ചത്. രാവിലെ 11ന് ടൗണിൽ ഇടപ്പാട്ട് ജങ്ഷനിൽ അടിമാലി തോട്ടിൽ ശൗചാലയ മാലിന്യം വൻതോതിൽ ഓടയിലൂടെ ഒഴുകിയെത്തുന്നത് കണ്ടെത്തി.
ഇതിന്റെ ഉറവിടം കണ്ടെത്താൻ ബഹുനില കെട്ടിടത്തിന് സമീപം എത്തിയതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ ജീവനക്കാരൻ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പൊലീസ് ഇടപെട്ടു. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഈ ഭാഗത്ത് തന്നെ ഹോട്ടലുകളും മറ്റും മാലിന്യം ഓടകളിലേക്ക് തുറന്ന് വെച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വരുംദിവസങ്ങളിൽ ഓടകൾ തുറന്ന് പരിശോധന നടത്തും. തൽസമയം എത്തിയ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ എതിർ ഭാഗത്തെ ഓടയിൽ സമാനമായ രീതിയിൽ ശൗചാലയ മാലിന്യം ഒഴുക്കുന്നതായും ദുർഗന്ധം മൂലം ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും പറഞ്ഞു.
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. കല്ലാർകുട്ടി റോഡിൽ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ഓടയുടെ മുകൾ ഭാഗത്തെ സ്ലാബ് നീക്കി പരിശോധിച്ചപ്പോൾ നിരവധി മാലിന്യപൈപ്പുകൾ ഓടയിലേക്ക് തുറന്ന് വെച്ചിരിക്കുന്നത് കണ്ടെത്തി. ഇവയിൽ പി.വി.സികൊണ്ട് ബ്ലോക്ക് ചെയ്യാവുന്നത് അപ്പോൾ തന്നെ അടച്ചു. വരും ദിവസങ്ങളിൽ ഈ ഭാഗത്തും ഓടകൾ ഉയർത്തി ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയും. വേനൽ മഴ ലഭിച്ച് തുടങ്ങിയതോടെ പകർച്ചവ്യാധികൾക്ക് ഇത്തരം സംഭവങ്ങൾ കാരണമായേക്കാമെന്ന് പൊതുജനാരോഗ്യവിഭാഗവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.