അടിമാലി: റവന്യൂ ഭൂമിയും ആദിവാസി ക്ഷേത്രഭൂമിയും കൈയേറി നിർമിച്ച റോഡ് റവന്യൂ സംഘം ബോർഡ് സ്ഥാപിച്ച് അടച്ചു. ടൂറിസം ലക്ഷ്യംവെച്ച് റിസോർട്ട് നടത്തിപ്പുകാർ ക്ഷേത്രഭൂമി കൈയേറി എന്ന ആദിവാസികളുടെ പരാതിയെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.
ജൂൺ നാലിനാണ് വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ഓഫ് റോഡ് ട്രക്കിങ്ങിന് ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട് താവളത്തിൽ സർവേ നമ്പർ 27/1ൽപ്പെട്ട 2510 ഏക്കർ വരുന്ന റവന്യൂ ഭൂമിയിലൂടെ ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമാണം നടത്തിയത്. ചൊക്ര മുടികുടിയിലെ ആദിവാസികൾ നൂറ്റാണ്ടുകളായി ആരാധന നടത്തിയിരുന്ന ക്ഷേത്രത്തിെൻറ ഭൂമിയും കൈയേറിയാണ് റോഡ് നിർമാണം. ഇതിനെതിരെ ആദിവാസികൾ പരാതിയുമായി രംഗത്തെത്തി. റവന്യൂ മന്ത്രിയടക്കം നേരിട്ട് പരാതിനൽകി. തുടർന്നാണ് റവന്യൂ വകുപ്പിന്റെ ഇടപെടൽ. അനധികൃതമായി നിർമിച്ച റോഡിന് നടുവിൽ സർക്കാർവക ഭൂമി എന്ന ബോർഡ് സ്ഥാപിച്ച റവന്യൂ വകുപ്പ് റോഡ് അടച്ചു. ബോർഡ് സ്ഥാപിച്ച് ഏറ്റെടുത്ത സർക്കാർ ഭൂമിയിലേക്ക് വീണ്ടും കൈയേറ്റം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ബൈസൺവാലി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എൽ.ആർ. തഹസിൽദാർ സീമ ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ ഹാരിസ് ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് കൈയേറ്റം ഒഴുപ്പിച്ചത്.
വരും ദിവസങ്ങളിലും കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.