അടിമാലി: പുഴയിൽ കുടുങ്ങിയ ആദിവാസി യുവാക്കളെ ഫയർേഫാഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പൻ (40), സതീശൻ (31), ചന്ദ്രൻ (20) എന്നിവരാണ് പുഴയിൽ കുടുങ്ങിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവാർഡ് ഓഡിറ്റ് ഒന്ന് കുടക്കല്ല് ഭാഗത്താണ് സംഭവം.
അടിമാലി ഫയർഫോഴ്സ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാളറ ഭാഗത്ത് മരംവീണ സ്ഥലത്തേക്കുപോയ സമയത്താണ് സംഭവം. അതിനാൽ കോതമംഗലം ഫയർഫോഴ്സ് യൂനിറ്റിലെ സ്കൂബ ടീമെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു.
പാമ്പ്ല ഡാമിന് താഴെ പുഴയിലെ പാറയിൽ കുടിൽകെട്ടി താമസിച്ച് മീൻപിടിക്കുകയായിരുന്ന ആദിവാസി യുവാക്കൾ, ഡാം തുറന്നപ്പോൾ പുഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പാറയിൽ കുടുങ്ങുകയായിരുന്നു. കരിമണൽ പൊലീസ് അറിയിച്ചതിനെത്തുടർന്ന് എത്തിയ സ്കൂബ സംഘം പുഴക്കുകുറുകെ വടംകെട്ടി ലൈഫ്ബോയ, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ചാണ് യുവാക്കളെ കരക്കെത്തിച്ചത്.
പ്രതികൂല കാലാവസ്ഥയും ഇരുട്ടും കുത്തൊഴുക്കുമുണ്ടായിരുന്ന പുഴയിൽ അതിസാഹസികമായിരുന്നു രക്ഷാപ്രവർത്തനം. അസി. സ്റ്റേഷൻ ഓഫിസർ സജി മാത്യു, സീനിയർ ഫയർ ഓഫിസർ കെ.എസ്. എൽദോസ്, ഫയർ ഓഫിസർമാരായ പി.എം. റഷീദ്, സിദ്ദീഖ് ഇസ്മയിൽ, ബെന്നി മാത്യു എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.