അടിമാലി: കഠിനമായ വേനൽ ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക വിളകൾ. കൃഷികൾ നശിച്ച കർഷകർക്ക് സർക്കാറിന്റെ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ്. കൃഷി നാശമുണ്ടായാൽ കൃഷിവകുപ്പിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ വെബ് സൈറ്റ് തകരാറിലായിട്ട് ആഴ്ചകളായി. കൃഷിഭവനുകൾ വഴി നേരിട്ട് അപേക്ഷ നൽകാമെന്ന് വച്ചാൽ സർക്കാർ നിർദ്ദേശം വന്നിട്ടില്ലെന്നും വെബ്സൈറ്റ് വഴി അപേക്ഷിക്കണമെന്നും നിർദേശിച്ച് മടക്കുകയാണ്.
ഏലം കർഷകരെയാണ് വേനൽ ഏറെ ബാധിച്ചിരിക്കുന്നത്. ജില്ലയിൽ 30 ഹെക്ടറിലേറെ ഏലം കൃഷി നശിച്ചതായാണ് അധികൃതർ പറയുന്നത്. കൂടാതെ കുരുമുളക്, തെങ്ങ്, ജാതി, കൊക്കോ കൃഷികളും വ്യാപകമായി ഉണങ്ങുന്നു. ഏലത്തിനും കുരുമുളകിനും കമുകിനുമാണ് ഉണക്ക് കൂടുതലും ബാധിച്ചത്. ഏക്കർകണക്കിന് സ്ഥലത്തെ കൃഷികളാണ് ഇതിനകം പൂർണമായും നശിച്ചത്. ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ചൂട് കൂടിയതോടെ റബറിന്റെ ഉൽപാദനം തീർത്തും കുറഞ്ഞു. മിക്കയിടങ്ങളിലും കൂലികൊടുക്കാൻ കഴിയാത്തതിനാൽ ടാപ്പിങ് നിർത്തി. കർഷക തൊഴിലാളികളും പണിയില്ലാതെ വിഷമിക്കുകയാണ്. പെരിയാർ ഉൾപ്പെടെ പുഴകളും ചെറുതോടുകളും, കിണറുകളും വറ്റിവരണ്ടതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.