അടിമാലി: ഡോക്ടറും ജീവനക്കാരും ഇല്ലാതെ ഒരു കുടുംബാരോഗ്യ കേന്ദ്രം. അവികസിത പഞ്ചായത്തായ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സ്ഥിരം ഡോക്ടറില്ലാത്തത്. ആകെയുളള താൽക്കാലിക ഡോക്ടർ ഉച്ചവരെ ഡ്യൂട്ടി നോക്കി പോയാൽ പിന്നെ ആശുപത്രിക്ക് പൂട്ടുവീഴും.
കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഒ.പി നിർബന്ധമാണ്. എന്നാൽ പഞ്ചായത്ത് നിയമിക്കേണ്ട ഡോക്ടറെ നിയമിച്ചിട്ടില്ല. സർക്കാർ സ്ഥിരം ഡോക്ടറെ ഇടക്കിടെ നിയമിക്കും. അവരാണെങ്കിൽ ലീവ് എടുക്കും. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ വേറെ എവിടെയെങ്കിലും പോകും. ഇതാണ് കുറെ നാളായി മാങ്കുളത്തിന്റെ അവസ്ഥ.
ബില്ലും ശമ്പളവുമൊക്കെ ചിത്തിരപുരത്തെ ഡോക്ടർ ഒപ്പിട്ട് നൽകുന്നതിനാൽ ജീവനക്കാരുടെ അന്നം മുട്ടിക്കുന്നില്ലെങ്കിലും പഞ്ചായത്തിലെ മൊത്തം ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കേണ്ട ആശുപത്രിയുടെ അവസ്ഥ ദയനിയമാണ്.
ഫാർമസിസ്റ്റ് ഇല്ല. ജെ.എച്ച്.ഐമാരുടെ കുറവും കൂടി ആകുമ്പോൾ സ്ഥിതി മോശമാകുന്നു. വിവിധ അപേക്ഷ നൽകാൻ എത്തുന്നവർ ഉൾപ്പെടെ പല ദിവസങ്ങളിലും വന്നു മടങ്ങേണ്ടി വരുന്നു. നിലവിലുള്ള ജീവനക്കാർക്ക് കടുത്ത ജോലിഭാരമുണ്ട്.
ഉള്ള ഡോക്ടർമാരുടെയും പൊതുജനാരോഗ്യ ജീവനക്കാരുടെയും സേവനം തന്നെ പല ദിവസങ്ങളിലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ആദിവാസികൾ കൂടുതലുള്ള പഞ്ചയത്താണ് മാങ്കുളം. സ്ഥിരം ഡോക്ടർ ഇല്ലാത്തത് മൂലം കിടപ്പ് രോഗികൾ ഉൾപ്പെടെ ലൈഫ് സർട്ടിഫിക്കറ്റ് കിട്ടുന്നതിനു ദുരിതം അനുഭവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.