അടിമാലി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥ തുടർക്കഥയാകുന്നു. ആറ് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാരോഗ്യകേന്ദ്രം. 39 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി മുല്ലക്കാനത്ത് തുടങ്ങിയ ഇവിടെ പേര് മാത്രമാണ് സി.എച്ച്.സി എന്ന് മാറ്റിയിട്ടുള്ളത്. പി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല.
ഓരോ ദിവസവും 300ന് മേൽ രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്. ഒരു സ്റ്റാഫ് നഴ്സും ഒരു മെഡിക്കൽ ഓഫിസറുമാണ് സ്ഥിര നിയമനത്തിലുള്ളത്. അവർ ഉള്ളതുകൊണ്ടു മാത്രമാണ് ആശുപത്രിയുടെ പ്രവർത്തനം ഇത്രയെങ്കിലും നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ ഓഫിസർക്ക് ജില്ല, ബ്ലോക്ക്, പഞ്ചായത്തു തല ഔദ്യോഗിക മീറ്റിംഗുകളുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മിക്കപ്പോഴും യാത്ര ചെയ്യേണ്ടിവരും. എൻ.എച്ച്.എം ദിവസവേതന വ്യവസ്ഥയിൽ രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും ഉണ്ടെങ്കിലും പലപ്പോഴും ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുകയുള്ളു. വെള്ളിയാഴ്ച്ച ഒരു ഡോക്ടറാണ് 200 ഓളം രോഗികളെ പരിശോധിച്ചത്.നാട്ടുകാർ സംഭാവനയായി കൊടുത്ത രണ്ട് ഏക്കർ സ്ഥലത്ത് കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉൾപ്പെടുത്തി ആവശ്യത്തിന് കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുമുണ്ട്. പ്രാദേശിക സന്നദ്ധ പ്രവർത്തകരും വ്യാപാരികളും ചേർന്ന് നൽകിയ 30ൽ പരം കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും നിലവിൽ വിശ്രമത്തിലാണ്. കിടത്തി ചികിത്സ നിലച്ചിട്ട് ഒരു വർഷത്തിലധികമായി. എക്സ്റേ, ഇ.സി.ജി എന്നിവ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. യൂറിക് ആസിഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ ലാബിൽ സംവിധാനമില്ല. ട്രിപ്പ് ഇടുന്നതിനുള്ള ഐ.വി സെറ്റ് പോലും രോഗികൾ പുറത്തുനിന്നും വാങ്ങേണ്ട ഗതികേടിലാണ്. ഇൻസുലിൻ തുടങ്ങി അത്യാവശ്യ മരുന്നുകളും പുറത്തുനിന്നും വാങ്ങണം. പനി ലക്ഷണങ്ങൾ അധികമുള്ള സമയത്ത് ചുമയുടെ മരുന്നടക്കം മിക്ക മരുന്നുകളും പുറത്തു നിന്നാണ് വാങ്ങുന്നത്. സമീപ പഞ്ചായത്തുകളിലെ പ്രമേഹരോഗികളും വാഹന സൗകര്യം നോക്കി ഇൻസുലിൻ വാങ്ങാൻ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു ഇൻസുലിൻ എത്തിക്കുന്നില്ല.
നിലവിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു. എന്നാൽ, പകരം നിയമനം നടത്തുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. വാർഡിലുള്ള ശുചിമുറികൾക്ക് കതകുണ്ടെങ്കിലും അത് അടച്ച് കുറ്റിയിടുന്നതിനുള്ള സംവിധാനമില്ല. അകത്ത് കയറുന്ന രോഗി ഒരു കൈ കൊണ്ടു വാതിൽ തള്ളിപ്പിടിക്കേണ്ട ഗതികേടാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്.എം.സി)യുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ മിച്ചമുള്ളപ്പോഴാണ് ഈ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.