അടിമാലി: മഴ കുറഞ്ഞിട്ടും ദുരിതമൊഴിയാതെ ഹൈറേഞ്ച്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു വാഹനങ്ങള്‍ക്ക് മുകളില്‍ മരംവീണിരുന്നു. കൊച്ചി- ധനുഷ്കോടി, അടിമാലി -കുമളി ദേശീയപാതകള്‍ അടക്കം ഹൈറേഞ്ചിലെ ഭൂരിഭാഗം മേഖലകളിലും മരം വീഴുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമില്ല. എറ്റവും കൂടുതല്‍ മരങ്ങള്‍ വീഴുന്നത് ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയാണ്.
ഇവിടെ ഇടക്കിടെയുണ്ടാകുന്ന മരം വീഴ്ചയും മണ്ണിടിച്ചിലും മൂലം ഗതാഗതം തടസ്സപ്പെടുന്നത് സാധാരണമായി. വാഹനങ്ങളും വാഹനയാത്രികരും പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്.കഴിഞ്ഞദിവസം ഈ പാതയില്‍ മൂന്നിടത്താണ് കൂറ്റന്‍ മരങ്ങള്‍ റോഡിലേക്ക് വീണത്. വില്ലാഞ്ചിറയില്‍ മരം കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലനാരിഴക്കാണ് കെ.എസ്.ആര്.ടി.സി ബസ് രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം പ്ലാമലയില്‍ വന്‍ മരം റോഡില്‍ പതിച്ചിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നിറയെ യാത്രക്കാരുണ്ടായിരുന്ന കാര്‍ യാത്രികര്‍ രക്ഷപെട്ടത്. റോഡിന് കുറുകേ മരം വീണതോടെ രണ്ട് മണിക്കുറോളം ഗതാഗതം മുടങ്ങി. കരടിപ്പാറയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മരങ്ങള്‍ മറിഞ്ഞുവീണു. ഇതുമൂലം മണിക്കൂറുകളാണ് ഗതാഗത സ്തംഭനമുണ്ടായത്. ഇനിയും നിരവധി കൂറ്റന്‍ മരങ്ങളാണ് അപകട ഭീഷണി ഉയർത്തി കൂമ്പന്‍പാറ മുതല്‍ രണ്ടാംമൈല്‍ വരെ 16 കിലോമീറ്ററോളം വരുന്ന പാതയില്‍ ദേശീയ പാതയുടെ ഇരു വശങ്ങളിലുമുള്ളത്. മണ്ണിളകിയും വേരിളകിയും ഏത് നേരവും മറിഞ്ഞു വീഴാന്‍ പാകത്തിലാണ് പലതും.
ഇതിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും റോഡിലൂടെയുള്ള യാത്ര ഭീതിജനകമാക്കുകയാണ്. രാത്രിയുണ്ടാകുന്ന അപകടങ്ങൾ പുറത്തെത്തിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. പലപ്പോഴും ഇതുവഴി വരുന്ന വാഹനയാത്രക്കാരാണ് ഇത്തരം അപകട വിവരങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അധികൃതരെയും അഗ്നിശമന സേനയെയും അറിയിക്കുന്നത്. റോഡിൽ കുടുങ്ങുന്നവര്‍ കൂരിരുട്ടില്‍ മണിക്കൂറുകളോളം കഴിയേണ്ടി വരുന്ന അവസ്ഥയാണ് എപ്പോഴുമുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.