അടിമാലി: മാങ്കുളം ആനക്കുളത്ത് ജനവാസ കേന്ദ്രത്തിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ ജനം ഭീതിയിൽ. ആനക്കുളം മണ്ണാറത്ത് പ്രിൻസിന്റെ പുരയിടത്തിലാണ് നാല് കുഞ്ഞുങ്ങളെ കണ്ടത്. രണ്ടുമാസം പ്രായമായ പുലിക്കുഞ്ഞുങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമീപത്ത് തള്ളപ്പുലി ഉണ്ടാകാൻ സാധ്യതയുള്ളതാണ് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ആനക്കുളത്തുനിന്ന് വനപാലകർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഇവ പുലിക്കുഞ്ഞുങ്ങളല്ലെന്നും പൂച്ചപ്പുലിയാണെന്നുമാണ് മാങ്കുളം ഡി.എഫ്.ഒ ജി. ജയചന്ദ്രൻ പറയുന്നത്. എന്നാൽ, വനത്തോട് ചേർന്ന് താമസിക്കുന്ന തങ്ങൾക്ക് പുലിയെയും പൂച്ചപ്പുലിയെയും തിരിച്ചറിയാമെന്നും കണ്ടത് പുലിക്കുഞ്ഞുങ്ങൾ തന്നെയാണെന്നും നാട്ടുകാർ പറയുന്നു. മാങ്കുളം വന്യജീവി കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ വനപാലകർതന്നെ ഇവയെ ഇവിടെ വിട്ടതാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് മാങ്കുളം പഞ്ചായത്തിൽ വിവിധ ജനവാസ കേന്ദ്രങ്ങളിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ഭീഷണിയായത്. അടുത്തിടെ ആദിവാസിയായ ഗോപാലൻ തന്നെ ആക്രമിച്ച പുലിയെ വെട്ടിക്കൊന്നിരുന്നു. മുമ്പ് മാങ്കുളത്ത് പുലിയെ കൊന്ന് കറിവെച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പുലി ഉൾപ്പെടെ വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നുണ്ട്. വനമില്ലാത്ത ആനച്ചാലിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.