അടിമാലി :ഡോക്ടർമാരില്ലാത്തതും അധികൃതരുടെ അനാസ്ഥയും മൂലം മാങ്കുളം, കല്ലാർ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ .
മാങ്കുളത്ത് ബുധനാഴ്ച ഒ.പിയിൽ 157 രോഗികളും കല്ലാറിൽ 66 രോഗികളും ചികിത്സ തേടി എത്തിയെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ മടങ്ങേണ്ടി വന്നു. അടുത്തിടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ മാങ്കുളം ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരെ നിയമിച്ച് അഞ്ച് മണി വരെ മന്ത്രി സേവനം ഉറപ്പ് നൽകി പ്രഖ്യാപനം നടത്തിയെങ്കിലും ഡോക്ടർ പോലും ഇല്ലാതെ ആശുപത്രി അടച്ചിടേണ്ട ഗതികേടിലാണ്. ഇവിടെ സായാഹ്ന ഒ.പി തുടങ്ങിയിട്ടുമില്ല .താൽക്കാലികമായി നിയമിച്ച ഡോക്ടർ ലീവിൽ പോയെന്നും അതല്ല ജോലി ഉപേക്ഷിച്ച് പോയെന്നും പറയുന്നു.
ആഴ്ചയിൽ രണ്ട് ദിവസം മറ്റൊരാശുപത്രിയിലെ ഡോക്ടർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും രോഗികൾക്ക് പ്രയോജനപ്പെടുന്നില്ല. വിദൂര അദിവാസി കോളനികളിൽ നിന്നുള്ളവരാണ് കൂടുതലും ചികിത്സ തേടി എത്തുന്നത്.
13 അദിവാസി കോളനികളിൽ നിന്നുള്ളവർ ചികിത്സ തേടി എത്തുന്നു പലരും 10 ഉം 15 കിലോമീറ്റർ ഉൾവനത്തിലൂടെ നടന്നാണ് എത്തുന്നത്.
ആശുപത്രിയിൽ എത്തിയാൽ ഡോക്ടർ ഇല്ലാത്തതിനാൽ നിരാശരായി മടങ്ങണം. ഗുരുതര പ്രശ്നമുള്ളവർ വീണ്ടും 35 കിലോമീറ്റർ അകലെ അടിമാലി താലൂക്കാശുപത്രിയിൽ എത്തണം. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ താൽക്കാലികമായി നിയമിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായില്ല .
കല്ലാർ പി.എച്ച്.സിയിൽ തോട്ടം തൊഴിലാളികളാണ് കൂടുതൽ. കിഡ്ണി, കാൻസർ രോഗികൾ കൂടുതലുള്ള ഇവിടെ ഡോക്ടർ ഇല്ലാത്തതിനാൽ പാലിയേറ്റീവ് പ്രവർത്തനവും അവതാളത്തിലാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. കെട്ടിട നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി വർഷാവർഷം ആശുപത്രിക്ക് ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇവ എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം . ഇരുട്ടുകാനം , കല്ലാർ , കുരുശുപറ, വട്ടയാർ, കമ്പിലൈൻ എന്നിവിടങ്ങളിൽ നിന്നായി ദിനംപ്രതി ധാരാളം പേർ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. മലയോരത്ത് പട്ടികവർഗ കോളനികൾ ഏറെയുള്ളതിനാൽ ഒട്ടേറെ ആദിവാസികളും ജനങ്ങളും ആശ്രയിക്കുന്ന ആശുപത്രിയാണിത്.
വേണ്ടത് 12 ഡോക്ടർമാർ;
ഉള്ളത് ഏഴുപേർ
കട്ടപ്പന: പനിബാധിച്ച് നിരവധി പേർ എത്തുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല.
വിദഗ്ധ ഡോക്ടർമാർ അടക്കം 12 പേർ വേണ്ടിടത്ത് ഏഴ് ഡോക്ടർമാരാണുള്ളത്. ഡയാലിസിസ് യൂനിറ്റിലെ താത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതോടെ മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർ അധിക ഡ്യൂട്ടി എടുത്ത് യൂനിറ്റ് പ്രവർത്തിപ്പിക്കേണ്ട അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന ആരോഗ്യ മന്ത്രിയുടേതടക്കം വാഗ്ദാനങ്ങൾ പലപ്പോഴായി ലഭിച്ചെങ്കിലും രണ്ടാഴ്ചയായി ജനറൽ ഒ.പി.യും ദന്ത വിഭാഗവും മാത്രമാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത്. സ്പെഷാലിറ്റി ഡോക്ടർമാർ ഉണ്ടെങ്കിലും സ്പെഷ്യൽ ഒ.പികൾ പ്രവർത്തിക്കുന്നില്ല.
ജനറൽ, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഇവർക്ക് അധിക ഡ്യൂട്ടി എടുക്കേണ്ടി വരുന്നതാണ് സ്പെഷൽ ഒ.പികൾ തടസ്സപ്പെടുവാൻ കാരണം. ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്തെ അനുപാതത്തിലുള്ള ജീവനക്കാർ തന്നെയാണ് ഇപ്പോഴും. ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിൽ 25ാളം ഡോക്ടർമാരുണ്ട്. പനിക്കാലമായതിനാൽ തോട്ടം മേഖലകളിൽ നിന്നുൾപ്പടെ രോഗികൾ ആശുപത്രിയിൽ എത്തിക്കഴിയുമ്പോഴാണ് ഡോക്ടർമാരില്ലായെന്ന് അറിയുന്നത്.
കാഷ്വാലിറ്റിയിൽ അടക്കം ദിവസേന 750 മുതൽ 800 വരെ രോഗികൾ എത്തുന്നുണ്ട് എന്നാണ് കണക്ക്. ഇവരിൽ പകുതി ആളുകളും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം തേടി എത്തുന്നവരാണ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇതും നിലച്ചു. ഒരു ശിശുരോഗ വിദഗ്ദ്ധൻ വർക്ക് അറേജ്മെന്റിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അടുത്തിടെ പോയതും പ്രതിസന്ധിയായി. ജീവനക്കാരുടെ അഭാവം മൂലം അധിക ഡ്യൂട്ടി എടുക്കേണ്ടി വരുന്നതിൽ ഡോക്ടർമാർക്കിടയിലും അമർഷമുണ്ട്. ഇപ്പോഴത്തെ ഒഴിവുകൾ ജില്ല മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.