അടിമാലി: ഹൈറേഞ്ച് മേഖലയിൽ പലയിടത്തും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി നിർത്തിയതിന് പിന്നാലെ ഞായറാഴ്ച ഒ.പിയും ഇല്ലാതായി. ഇത് രോഗികളെ ദുരിതത്തിലാക്കുന്നു. മാസങ്ങളായി ആശുപത്രികളിൽ ഞായറാഴ്ച പരിശോധനയില്ല. ഡോക്ടർമാർ എത്താത്തതാണ് കാരണമായി പറയുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉയർത്തിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൊണ്ടുവന്നത്. ഇവിടെ മൂന്ന് ഡോക്ടർ വേണമെന്നാണ് കണക്ക്. എന്നാൽ ആർദ്രം പദ്ധതിയിൽ താൽക്കാലികമായി നിയമിച്ച ഒരാൾ ഉൾപ്പെടെ രണ്ട് ഡോക്ടർമാരേ മിക്കയിടങ്ങളിലും ഉള്ളൂ. നേരത്തെ മൂന്ന് ഡോക്ടർ ഉണ്ടായിരുന്നു. അപ്പോൾ വൈകീട്ട് ആറ് വരെ പരിശോധന ഉണ്ടായിരുന്നു. ഞായറാഴ്ചയും ഒ.പി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ട് ഡോക്ടറായി ചുരുങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയത്.
ഇപ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പ്രൈമറി ഹെൽത്ത് സെന്ററുകളേക്കാർ മോശമാണ്. പുതിയ കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ലാബും ഉണ്ട്. പാരാമെഡിക്കൽ ജീവനക്കാരുമുണ്ട്. ദിവസം ശരാശരി 300ഓളം രോഗികൾ ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തുന്നുണ്ട്. പലയിടത്തും ഡോക്ടർമാർ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്.
അവികസിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നില്ല. മൂന്ന് താലൂക്കുകളുടെ ആശ്രയമായ അടിമാലി താലൂക്കാശുപത്രിയിലും ഞായറാഴ്ച ഒ.പിയില്ല. മറ്റ് ദിവസങ്ങളിൽ ഉച്ചക്ക് 12 വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.