അടിമാലി: ശാന്തൻപാറയിലെ ചേരിയാർ - വള്ളിക്കുന്ന് റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ നല്ല മെയ് വഴക്കം വേണം. റോഡിലെ കുഴികളും കല്ലുകളും വാഹനയാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഒരടിയിലേറെ താഴ്ചയിലും മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ നീളത്തിലും റോഡ് താഴ്ന്ന് പലയിടങ്ങളിലും വെള്ളം നിറഞ്ഞ നിലയിലാണ്. വെള്ളത്തിൽ ചാടാതെ കല്ലിലേക്ക് ചാടിയാൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യും.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഇവിടെ വീഴാത്ത ദിവസങ്ങളില്ല. പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് അതിലും വിഷമം പിടിച്ച കാര്യമാണ്. 3.9 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. 90 ശതമാനത്തിലേറെയിടത്തും ടാറിങ് ഇല്ല. പലയിടത്തും നാട്ടുകാർ കരിങ്കല്ല് വിരിച്ചിട്ടുണ്ട്.
റോഡിലെ ഫില്ലിങ് സൈഡ് പലയിടത്തും ഒലിച്ചുപോയി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായതോടെ ഫില്ലിങ് സൈഡിലെ മണ്ണ് കൂടുതൽ ഒലിച്ച് പോയതിനാൽ അപകട സാധ്യത വർധിച്ചിട്ടുണ്ട്. ജൽജീവൻ മിഷൻ പൈപ്പ് ഇടുന്നതിന് റോഡ് വെട്ടിപ്പൊളിച്ചത് തകർച്ച വർധിപ്പിച്ചു.
ഒരു പതിറ്റാണ്ടിലേറെയായി തകർന്നനിലയിലുള്ള റോഡ് പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ട് രണ്ട് വർഷത്തിലേറെയായിട്ടും ഗതാഗതയോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.
ഒന്നര വർഷത്തിലേറെയായി റോഡ് തകർച്ചയിലായിട്ട്
മുതലക്കോടം: നഗരസഭയോട് പരാതി പറഞ്ഞും പരാതി നൽകിയും മടുത്തു. ഒടുവിൽ റോഡ് നന്നാക്കി കിട്ടാൻ നവകേരള സദസ്സിലും പരാതി നൽകി. എന്നിട്ടും പരിഹാരമില്ല. ഗതികെട്ട് മുതലക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ ഒരു തീരുമാനമെടുത്തു. അംഗങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് റോഡ് നന്നാക്കാൻ.
മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിന്റെ മുന്നിൽ നിന്ന് തുടങ്ങി കൃഷ്ണപിള്ള റോഡ് വരെ ഭാഗത്തെ കുഴികളിലും വെള്ളക്കെട്ടിലും പാറമക്ക് ഇട്ട് നികത്തിയിരിക്കുകയാണ് പ്രദേശവാസികൾ. ഇതുവഴി സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും വരാതായതും രോഗികൾ ഉൾപ്പെടെ വലയുന്ന സ്ഥിതിയുമായതോടെയാണ് റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നുള്ള പണം കൊണ്ട് കുഴിയടക്കാൻ തീരുമാനിച്ചത്.
ഒന്നര വർഷത്തിലേറെയായി റോഡ് തകർച്ചയിലായിട്ട്. സ്കൂളിന് മുന്നിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ വന്നാൽ ചളി തെറിക്കാതിരിക്കാൻ ഓടി മാറേണ്ട അവസ്ഥയാണ് സ്കൂൾ കുട്ടികൾക്ക്. ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടവും പതിവായതോടെയാണ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മേക്കുന്നേൽ, സെക്രട്ടറി സജീവ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നന്നാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.