അടിമാലി: രാജാക്കാട് പഞ്ചായത്തിലെ ജനങ്ങളുടെ കാര്യം കഷ്ടമാണ്. പഞ്ചായത്ത് ഓഫിസിൽ സെക്രട്ടറിയില്ല. അസി. എൻജിനീയറുമില്ല. ഓവർസിയറുമില്ല. കൃഷിഭവനിലാകട്ടെ കൃഷി ഓഫിസറില്ല. മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന സി.എച്ച്.സിയിലാകട്ടെ കിടത്തിച്ചികിത്സയുമില്ല. അങ്ങനെ പോകുന്നു രാജാക്കാട് പഞ്ചായത്തിനോടുള്ള അധികൃതരുടെ അവഗണന.
രാജാക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസിൽ സെക്രട്ടറി സ്ഥലം മാറിയിട്ട് ഒരു മാസം കഴിഞ്ഞു. പുതിയ സെക്രട്ടറിയെ ഇനിയും നിയമിച്ചിട്ടില്ല. കൃഷി ഓഫിസറുടെ കാര്യമാണ് അതിലേറെ കഷ്ടം. അദ്ദേഹം സ്ഥലം മാറിപ്പോയിട്ട് ഒരു വർഷമായി. എന്നിട്ടും പുതിയ ഓഫിസറെ നിയമിച്ചിട്ടില്ല.
പഞ്ചായത്തിലെ അസി. എൻജിനീയറും ഓവർസിയറും സ്ഥലം മാറിപ്പോയിട്ട് ഒരു മാസമായി. സേനാപതി കൃഷി ഭവനിലെ ഓഫിസർക്കാണ് രാജാക്കാട് കൃഷിഭവന്റെ അധികചുമതല. സേനാപതി അസി. എൻജിനീയറും ഉടുമ്പൻചോലയിലെ ഓവർസിയറുമാണ് പകരം ചുമതല വഹിക്കുന്നത്.
ഏറ്റവും തിരക്കുപിടിച്ച പഞ്ചായത്തുകളിൽ ഒന്നായിട്ടും ഉയർന്ന ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്നത് ചില്ലറ ബുദ്ധിമുട്ടല്ല. പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലംമാറ്റങ്ങൾ കഴിഞ്ഞ ദിവസം നടന്നെങ്കിലും രാജാക്കാട്ടിൽ മാത്രം നിയമനം നടന്നിട്ടില്ല. അഞ്ച് കോടി സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. നാലുവർഷംകൊണ്ട് ഒരു നിലയുടെ പണി മാത്രമാണ് പൂർത്തിയാക്കാനായത്. ഹോമിയോ ഡിസ്പെൻസറിയുടെ നിർമാണവും ഇഴഞ്ഞുനീങ്ങുന്നു. അനുവദിക്കപ്പെട്ട ഫയർഫോഴ്സ് ഓഫിസ് പ്രവർത്തനവും ആരംഭിക്കാനായിട്ടില്ല. അവഗണനയിൽനിന്ന് എന്ന് മോചനം ലഭിക്കുമെന്ന് കാത്തിരിക്കുകയാണ് പഞ്ചായത്ത് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.