അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ പിടികൂടി. രണ്ടുപേർ രക്ഷപ്പെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമനെ (64) ആണ് ദേവികുളം എ.സി.എഫ് ജോബ് ജെ. നേര്യാംപറമ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു രണ്ട് ആനക്കൊമ്പുകൾ പിടികൂടി.
മുഖ്യ പ്രതികളായ ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച് കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇവരാണ് ആനക്കൊമ്പുകൾ നൽകിയതെന്നാണ് പുരുഷോത്തമന്റെ മൊഴി.
ആവറുകുട്ടി വനത്തിൽനിന്നു വേട്ടയാടിയ കാട്ടാനയുടെതാണ് കൊമ്പുകളെന്നാണ് നിഗമനം. അതല്ല, ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണോ ഇതെന്ന് രക്ഷപ്പെട്ടവരെ പിടികൂടിയാലേ വ്യക്തമാകു. പുരുഷോത്തമന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച പുലർച്ചെ ഇവ പിടികൂടിയത്. ഏകദേശം ഒമ്പത് കിലോതൂക്കം വരും. കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
റെയ്ഡിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജയിംസ്, ദേവികുളം റേഞ്ച് ഓഫിസർ പി.വി. ബെജി, വിജിലൻസ് റേഞ്ച് ഓഫിസർ ടി. രതീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.