അടിമാലി: 140 കിലാമീറ്ററിൽ അധികം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനം ഇടുക്കിയിൽ യാത്രക്ലേശം രൂക്ഷമാക്കി. കോതമംഗലം മേഖലയിൽനിന്ന് ഹൈറേഞ്ചിലേക്ക് സർവിസ് നടത്തുന്ന 32 ബസുകൾ ഉൾപ്പെടെ ഇടുക്കിയിൽ 80 ബസുകളുടെ പെർമിറ്റാണ് നിർത്തലാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകളുടെ പെർമിറ്റുകൾ കൂടി നിർത്തലാക്കപ്പെടും. ഇതോടെ ജില്ലയിൽ വലിയ യാത്രദുരിതമാണ് ഉണ്ടാകുക. കെ.എസ്.ആർ.ടി.സി റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ദീർഘദൂരങ്ങളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനത്തിലെത്തിയത്. ഇതോടെ മറയൂർ, കാന്തലൂർ, കോവിലൂർ, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർ മറ്റ് യാത്ര സൗകര്യങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിക്കഴിഞ്ഞു. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ചുരുങ്ങിയ സർവിസുകളാണ് നടത്തുന്നത്.
ഇവിടങ്ങളിലുള്ളവർ കൂടുതലും ആശ്രയിക്കുന്നതാകട്ടെ സ്വകാര്യ ബസ് സർവിസുകളെയാണ്. സർവിസുകൾ ഇല്ലാതാകുന്നത് സ്കൂൾ-കോളജ് വിദ്യാർഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. 2016ലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചു. കേസിൽ കെ.എസ്.ആർ.ടി.സി കക്ഷിചേരുകയും ചെയ്തു. അടുത്തിടെ കേസ് പരിഗണിച്ച കോടതി കെ.എസ്.ആർ.ടി.സിയുടെ വാദം അംഗീകരിക്കുകയും 140 കിലോമീറ്ററിലധികം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കുമെന്നും അറിയിച്ചു.
നിലവിൽ ദീർഘദൂര സർവിസുകാർ നിർത്തലാക്കിയ ഇടങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചിട്ടുമില്ല. ഹൈറേഞ്ചിൽ വനമേഖലയിലൂടെയാണ് കൂടുതൽ ബസുകളും ഓടുന്നത്. കോവിൽ കടവിൽനിന്ന് സർവിസ് തുടങ്ങുന്ന ബസ് കോതമംഗലത്ത് എത്തുമ്പോഴേക്കും 140 കിലോമീറ്റർ പരിധിയിലെത്തും. ഇതിനിടക്ക് മറയൂർ, മൂന്നാർ, അടിമാലി, നേര്യമംഗലം എന്നിങ്ങനെ മാത്രമാണ് പ്രധാന സ്റ്റോപ്പുകൾ ഉള്ളത്. ബാക്കി ഭൂരിഭാഗം സ്ഥലങ്ങളും വനത്തിലൂടെവേണം പോകാൻ.
ഇതേ അവസ്ഥയാണ് കുമളി, നെടുങ്കണ്ടം മേഖലകളിൽനിന്ന് ആരംഭിക്കുന്ന സർവിസുകൾക്ക് ഉള്ളത്. ഈ മേഖലയിൽ പലയിടത്തും സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ ഇതിനോടകം തന്നെ കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ നിലക്കുന്നത്. സ്വകാര്യ ബസുകൾകൂടി ഇല്ലാതാകുന്നതോടെ വലിയ യാത്രക്ലേശമാകും ഹൈറേഞ്ച് മേഖലയിലടക്കം ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.