അടിമാലി: ഓഫ്റോഡ് സവാരിയുടെ മറവില്‍ വിനോദസഞ്ചാരികളെ വനത്തില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് വനം വകുപ്പ്. പ്രതിഷേധവുമായി നാട്ടുകാര്‍. അടിമാലി റേഞ്ചില്‍ പെരുമ്പന്കുത്തിലാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ച് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൂന്നാറില്നിന്നടക്കം ഓഫ് റോഡ് സവാരിയുടെ മറവില്‍ വിനോദസഞ്ചാരികളെ വനത്തില്‍ എത്തിക്കുന്നത് സഞ്ചാരികളുടെ ജീവനും വന്യജീവികളുടെ സ്വൈരവിഹാരത്തിനും തടസ്സമാകുന്നതിനാലാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചതെന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, കുറത്തിക്കുടി ആദിവാസികളുടെ പ്രധാന യാത്രമാര്‍ഗമായ കുറത്തിക്കുടി-ആനക്കുളം റോഡ് അടച്ചുപൂട്ടി ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണ് ചെയ്യുന്നതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തുവന്നു. ഇതുമൂലം ആദിവാസികള്‍ 10 കി.മീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണെന്നാണ് അനക്കുളത്തും സമീപപ്രദേശങ്ങളിലുമുള്ള താമസക്കാരുടെ പ്രധാന പരാതി. എന്നാല്‍, ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
അനധികൃത സവാരിയുമായി എത്തിയ നാല് വാഹനങ്ങള്‍ക്കെതിരെ മച്ചിപ്ലാവ് സ്റ്റേഷനില്‍ അടുത്തിടെ കേസ് രജിസ്റ്റര്‍ ചെയ്തതായി വനപാലകർ പറയുന്നു. കല്ലാര്‍-മാങ്കുളം-ആനക്കുളം റോഡ് വരുന്നതിനുമുമ്പ് അടിമാലിയില്‍നിന്ന് മാങ്കുളം, ആനക്കുളം മേഖലകളിലെ താമസക്കാരും ആദിവാസികളും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പാതയാണിത്. കുറത്തിക്കുടിയില്നിന്ന് ആനക്കുളത്തേക്കുള്ള എളുപ്പവഴികൂടിയാണ്. ആദിവാസികള്‍ തെള്ളി, തേന്‍, മുളക്, ഏലം തുടങ്ങിയ ഉല്പന്നങ്ങള് വില്പനശാലകളിൽ കൊണ്ടുപോയിരുന്നതും ഇതുവഴിയാണ്. ഉറിയംപെട്ടി, വാരിയം തുടങ്ങി കുട്ടമ്പുഴ മേഖലയിലെ ആദിവാസി ഊരുകളിലേക്കും ഇതുവഴി എത്താം.
റോഡ് അടച്ചുപൂട്ടിയിട്ടില്ലെന്നും പുറമെനിന്നുള്ളവര്‍ അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ റോഡില്‍ ക്രോസ് ബാര്‍ സ്ഥാപിച്ച് പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.