അടിമാലി: തന്റെ പേരിൽ അശ്ലീല വാട്സ്ആപ് ചാറ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യാക്കോബായ സഭയിലെ വൈദിക പ്രതിനിധിയായ മാനേജിങ് കമ്മിറ്റിയംഗം ഫാ. ബിനോയ് ചാത്തനാട്ട്. ഹൈറേഞ്ചിലെ വിവിധ പള്ളികളിൽ മൂന്ന് പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ഫാ. ബിനോയി വർക്കി ചാത്തനാട്ട് 2023ൽ മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി പ്രവർത്തിക്കുമ്പോഴാണ് ഇദ്ദേഹം ഒരു യുവതിയുമായി നടത്തിയ വാട്സ്ആപ് ചാറ്റ് എന്ന തരത്തിൽ പള്ളിയിൽ ഉൾപ്പെടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ആരോ കൊണ്ടിട്ടത്. ഇത് തന്റെ വാട്സ്ആപ് ചാറ്റല്ലെന്ന് വ്യക്തമാക്കിയ ഫാ. ബിനോയി ഇതുസംബന്ധിച്ച് ശാന്തൻപാറ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
നടപടി ഉണ്ടാകാത്തതിനാൽ ജില്ല പൊലീസ് മേധാവിയെ നേരിൽകണ്ട് പരാതി നൽകി. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫാ. ബിനോയി വർക്കി ചാത്തനാട്ടിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത എറണാകുളം കലൂർ സ്വദേശിയായ പി.എം. നിഖിൽ എന്ന യുവാവ് കോട്ടയം കറുകച്ചാലിൽ ഉള്ള യുവതിയുമായി അശ്ലീല ചാറ്റുകൾ നടത്തിയതിന്റെ വിവരങ്ങൾ കണ്ടെത്തി.
പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും തൊടുപുഴ സി.ജെ.എം കോടതിയിൽ അന്തിമ വിചാരണ നടന്നുവരികയുമാണ്. എന്നാൽ വാട്സ്ആപ് ചാറ്റുകൾ വ്യാജമാണെന്നറിഞ്ഞിട്ടും മുരിക്കുംതൊട്ടി സെന്റ് ജോർജ്ജ് പള്ളിയിലെ അന്നത്തെ ട്രസ്റ്റിയുടെ നിർദേശപ്രകാരം ഓഫിസ് ക്ലർക്കാണ് പള്ളിയിലെ കംപ്യൂട്ടറിൽ നിന്ന് ഇതിന്റെ പകർപ്പുകൾ എടുത്ത് പലസ്ഥലത്തും ഇട്ടതെന്ന് വ്യക്തമായതായി ഫാ. ബിനോയ് ചാത്തനാട്ട് പറഞ്ഞു.
ഈ സന്ദേശം പ്രചരിച്ചതിന്റെ പേരിൽ തന്നെ മാങ്കുളം പള്ളിയിലേക്ക് സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ സാഹചര്യത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.