അടിമാലി: സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകള്‍ നടുറോഡിലിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്നതു മൂലം ഗതാഗതക്കുരുക്കിനും സംഘര്‍ഷത്തിനും ഇടയാക്കുന്നു. വാണിജ്യ കേന്ദ്രവും മൂന്നാര്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടവുമായ അടിമാലിയിലാണ് ഇത്.
ടൗണില്‍ ബസ് സ്റ്റാന്റ് കവാടത്തിലാണ് (ഹില്‍ഫോര്‍ട്ട് ജങ്ഷന്) ഇതിന്റെ ദുരിതം നാട്ടുകാരും സഞ്ചാരികളടക്കമുളള യാത്രക്കാരും അനുഭവിക്കുന്നത്. പ്രാദേശിക സര്‍വിസ് ബസുകള്‍ മുതല്‍ ദീര്‍ഘദൂര ബസുകള്‍ വരെ ഇവിടെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു. കൂടാതെ സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ ഇവിടെനിന്ന് മാത്രമാണ് കയറ്റുന്നത്. ഇതിന് പുറമെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കയറ്റിറക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിർത്തുന്നതോടെ ഇവിടെ അപകടം നിത്യസംഭവമായി മാറിയിട്ടുണ്ട്.
സ്റ്റാൻഡിലെ വണ്‍വേ പുനഃക്രമികരിച്ചാല് പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും സ്വകാര്യ ബസ് ഉടമകളുടെ താല്പര്യത്തിന് വഴങ്ങി പഞ്ചായത്ത് നടപടി സ്വീകരിക്കുന്നതില്‍നിന്ന് മാറിനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
രാജാക്കാട്, പണിക്കന്‍കുടി, ഇടുക്കി റൂട്ടില്‍ സര്‍വിസ് നടത്തുന്ന വാഹനങ്ങളാണ് സഹകരണ ബാങ്ക് ജങ്നില്‍ നിര്‍ത്തുന്നത്. ഇവിടെ റോഡിന് ഇരുവശത്തും നിരക്കുന്ന സ്വകാര്യവാഹനങ്ങള്‍ യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.
സെന്‍ട്രല്‍ ജങ്ഷനില്‍ യാത്രക്കാരുടെ വെയ്റ്റിങ് ഷെഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗ കേന്ദ്രമായി മാറുകയും ചെയ്തു. ദേശീയപാതയില്‍ മുസ്ലിം പള്ളിപ്പടി മുതല്‍ ഗവ. ഹൈസ്കൂള്‍ ജങ്ഷന് വരെ ഒരു വശത്ത് ഓട്ടോ സ്റ്റാന്‍ഡും എതിര്‍വശത്ത് സ്വകാര്യ വാഹന പാര്‍ക്കിങ്ങുമാണ്.
ബസുകള്‍ റോഡില്‍ നിര്‍ത്തുമ്പോള്‍ ഇരുവശത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ല. ഇതുമൂലം ഗതാഗതക്കുരുക്ക് നേരിടുന്നു. അടിമാലിയില്‍ ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും പൊലീസില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നു. സെന്‍ട്രല്‍ ജങ്ഷനിലെയും സ്റ്റാന്റിലേയും ട്രാഫിക് ഡ്യൂട്ടിയും ദിവസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഗതാഗതം സുഗമമാക്കാന്‍ ടൗണില്‍ സേവനത്തിനു നിയോഗിച്ച പൊലീസിന്റെ ഇടപെടല്‍ ഇതിനാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.