അടിമാലി: ഒൻപത് വയസുള്ള മകളെ ലൈംഗമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് ജീവിതാവസാനം വരെ കഠിന തടവിന് വിധിച്ച് കോടതി. ദേവികുളം ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി.
സംഭവത്തിലെ പ്രതിയും മൂന്നാറിലെ തോട്ടം മേഖല സ്വദേശിയുമായ യുവാവിന് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലേയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
2021- 2022 കാലഘട്ടത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മൂന്നാറിലെ തോട്ടം മേഖലയിൽ ആണ് സംഭവം നടന്നത്. പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് പീഢനത്തിന് ഇരയായ കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ കുട്ടിയെയും പ്രതിയെയും ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി പോയിരുന്നു. 1. 3. 2021 മുതൽ 21.8.2022 വരെയുള്ള കാലയളവിൽ പലതവണ ഇയാൾ കുട്ടിയെ പ്രതി താമസിക്കുന്ന ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്. വിവരങ്ങൾ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിരുന്നു. എന്നാൽ കുട്ടി പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞതോടെ കുട്ടിയെ പ്രതി സ്പൂൺ ചൂടാക്കി ഇടതുകൈ മസിൽ ഭാഗത്ത് പൊള്ളിച്ചു.
കുട്ടി വിവരം പിന്നീട് സഹപാഠികളോടും കൗൺസിലിംഗ് ടീച്ചറിനെയും അറിയിച്ചു. സ്കൂളിൽ നിന്നും വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 42 പ്രമാണങ്ങൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. വിസ്താരവേളയിൽ പ്രതിയുടെ മാതാവ് കൂറുമാറിയിരുന്നു. എങ്കിലും കോടതി പ്രതിയെ ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവിന് വിധിക്കുകയായിരുന്നു.
ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ കോടതി ജഡ്ജി പി.എ സിറാജുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്. മറയൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ബിജോയ് പിടി അന്വേഷിച്ച് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ ഇത് കുട്ടിക്ക് നൽകാനും കോടതി ഉത്തരവായിട്ടുണ്ട് .കൂടാതെ ഇടുക്കി ജില്ല ലീഗൽ സർവീസ്അതോറിറ്റിയോട് കോമ്പൻസേഷൻ സ്കീമിൽ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവ് ആയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് സ്മിജു കെ ദാസ് ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.