അടിമാലി: കാട്ടാനകളില്‍നിന്ന് രക്ഷയൊരുക്കാന് കോടികള്‍ മുടക്കിയെങ്കിലും ജനവാസകേന്ദ്രങ്ങളില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി ഇവ വിലസുന്നു. മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളിലും മറയൂര്‍ ഡിവിഷന് കീഴില്‍ മറയൂര്‍, കാന്തല്ലൂര്‍ റേഞ്ചുകളിലും മാങ്കുളം ഡിവിഷന് കീഴില്‍ മാങ്കുളം, ആനകുളം റേഞ്ചുകളിലുമാണ് കാട്ടാനകള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്.
കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്താതിരിക്കാന്‍ ഉരുക്കുവടം, വൈദ്യുതി വേലി, കിടങ്ങ് ഉള്‍പ്പെടെ സ്ഥാപിക്കാൻ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടികളാണ് മുടക്കിയത്. കാട്ടാന ശല്യം രൂക്ഷമായ ദേവികുളം, ആനകുളം, മാങ്കുളം റേഞ്ച് ഒാഫിസുകളിൽ ഇതുസംബന്ധിച്ച കണക്കുകൾ പോലുമില്ല. 50 ലക്ഷത്തിലേറെ മുടക്കിയ ആനകുളം റേഞ്ചിലെ ഉരുക്കുവടമാണ് ഒടുവില്‍ പൂര്‍ത്തിയായ വലിയ പദ്ധതി. ഇതും പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. ഇതോടെ വനാതിര്‍ത്തിയില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരും ആദിവാസികളുമാണ് ജീവിത സമ്പാദ്യം മുഴുവന്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്.
ചിന്നക്കനാല്‍ 301 ആദിവാസി കോളനിയില്‍ താമസിക്കുന്ന 20ഓളം ആദിവാസികള്‍ കഴിഞ്ഞ ഒരുമാസമായി വീടിെൻറ വാര്‍ക്കയുടെ പുറത്ത് ഷെഡ് കെട്ടിയാണ് താമസം. കാട്ടാനകള്‍ ദൂരെ നിന്ന് വരുന്നതുകണ്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനാണ് ഇത്. മച്ചിപ്ലാവ്, ചിന്നപ്പാറ, പാട്ടയടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയില്‍ കാട്ടാനകളുടെ താണ്ഡവമാണ്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ തൊഴിലാളി സ്ത്രീകളെ കാട്ടാന ആക്രമിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.
ചിന്നക്കനാലില്‍ വിനോദയാത്ര സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു. സഞ്ചാരികള്‍ രക്ഷപ്പെട്ടെങ്കിലും ഇവരുടെ വാഹനം തകര്‍ത്തു. ബൈക്കില്‍ സഞ്ചരിച്ച ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യ മരിക്കുകയും ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്തിരുന്നു.
രാജാക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി സ്ത്രീ കൊല്ലപ്പെട്ടതും അടുത്ത നാളിലാണ്. ഈ വര്‍ഷം മാത്രം ആറുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഈ മേഖലയില്‍ കൊല്ലപ്പെട്ടത്. വൈദ്യുതാഘാതം ഏറ്റ് അടക്കം ഏഴ് കാട്ടാനകളും െചരിഞ്ഞിട്ടുണ്ട്.
സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ ആനത്താരകള്‍ വ്യാപകമായി അടച്ചതാണ് ചിന്നക്കനാല്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ കാട്ടാനകളുടെ ആവാസവ്യവസ്ഥ തകര്‍ത്തതെന്ന് ആക്ഷേപമുണ്ട്. നായാട്ടുസംഘങ്ങള്‍ പലമേഖലയിലും വനത്തിെൻറ നിയന്ത്രണം ഏറ്റെടുത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
വൈദ്യുതി വേലി സ്ഥാപിച്ചതോടെ ആനത്താരകള്‍ തടസ്സപ്പെട്ടു. ആനകള്‍ ഇടക്കിടെ വൈദ്യുതി വേലി പൊട്ടിച്ചും കൃഷിയിടങ്ങളിലെത്തുന്നു. ആനകള്‍ െചരിയുമ്പോള് കേസെടുക്കുന്ന വനം വകുപ്പ് തുടര്‍നടപടികള്‍ എടുക്കുന്നില്ലെന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.